എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം, പൊതുസമ്മേളനം ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.എഫ്.ഐ 35-ാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം. പൊതുസമ്മേളന നഗരിയായ സെൻട്രൽ സ്റ്റേഡിയത്തിൽ (സീതാറാം യെച്ചൂരി,കോടിയേരി ബാലകൃഷ്ണൻ നഗർ) ഇന്നലെ രാത്രി സംഘാടക സമിതി ചെയർമാൻ എം.വിജയകുമാർ പതാക ഉയർത്തി. വിവിധയിടങ്ങളിൽ നിന്ന് പൊതുസമ്മേളന നഗരിയിലെത്തിയ കൊടിമര, പതാക, ദീപശിഖ ജാഥയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഇന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന റാലിക്കുശേഷം രാവിലെ 11ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ അദ്ധ്യക്ഷയാകും. പ്രതിനിധി സമ്മേളനം എ.കെ.ജി ഹാളിൽ ഇന്ത്യയിലെ ക്യൂബൻ അംബാസഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേര ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ക്യൂബൻ മിഷൻ ഡെപ്യൂട്ടി ഹെഡ് ആബെൽ അബല്ലെ ഡെസ്‌പൈ മുഖ്യതിഥിയാകും.
503 പ്രതിനിധികളും 71 സംസ്ഥാന കമ്മിറ്റിയംഗങ്ങളും ലക്ഷദ്വീപിൽ നിന്നുള്ള 3 പ്രതിനിധികളും പങ്കെടുക്കും. 21ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.
ഇടുക്കിയിലെ ധീരജ് സ്മൃതി മണ്ഡപത്തിൽ നിന്നാണ് പതാകജാഥ എത്തിയത്. എറണാകുളം മഹാരാജാസ് കോളേജിലെ രക്തസാക്ഷി അഭിമന്യുവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ദീപശിഖാജാഥയും പാറശാലയിൽ സജിൻ ഷാഹുലിന്റെ സ്മൃതി കുടീരത്തിൽനിന്ന് കൊടിമര ജാഥയുമെത്തി.
എസ്.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡന്റ് വി.പി സാനു, അഖിലേന്ത്യാ നേതാക്കളായ ഡോ.നിതീഷ് നാരായണൻ, ആദർശ് എം.സജി, ദിനിത് ദണ്ഡ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. 20ന് വൈകിട്ട് എസ്.എഫ്.ഐ മുൻ ഭാരവാഹികളുടെ സംഗമം നടക്കും.
Source link