KERALAM

ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കഥാകൃത്തും അദ്ധ്യാപകനും സിനിമാനിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ (93) അന്തരിച്ചു. തൈക്കാട് മോഡൽ സ്‌കൂളിനടുത്ത് ‘ചിത്ര’യിൽ (ടി.എസ്.ജി.ആർ.എ12) ഇന്നലെ രാവിലെ 9നായിരുന്നു അന്ത്യം.

മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിലും ധനുവച്ചപുരം എൻ.എസ്.എസ് കോളേജിലും ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. സിക്കന്ദർ ഭക്ത് മുതൽ പി. സദാശിവം വരെയുള്ള കേരള ഗവർണർമാരുടെ പി.ആർ.ഒ ആയി 17 വർഷത്തോളം പ്രവർത്തിച്ചു. സ്വാതിതിരുനാൾ, സ്‌നേഹപൂർവം മീര, അശ്വതി എന്നീ സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഇലവങ്കോട് ദേശത്തിന്റെ സംഭാഷണം രചിച്ചതും അദ്ദേഹമാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം, ലളിതാംബിക അന്തർജനത്തിന്റെ മാണിക്കൻ തുടങ്ങിയ കഥകൾ ടെലിഫിലിം ആക്കിയപ്പോഴും കെ.സുരേന്ദ്രന്റെ മരണം ദുർബലം സീരിയലാക്കിയപ്പോഴും തിരക്കഥയെഴുതിയത് ശ്രീവരാഹമാണ്. പി.ആർ.ഡിക്കു വേണ്ടി കുടുംബാസൂത്രണത്തെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പ്രതിസന്ധിയുടെ തിരക്കഥയും അദ്ദേഹത്തിന്റേതാണ്. ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച നിരൂപണങ്ങൾ ഉൾക്കരുത്തുള്ളവയാണ്. അബ്ദുള്ളക്കുട്ടി,നദീമദ്ധ്യത്തിലെത്തും വരെ എന്നിവ ചെറുകഥാസമാഹാരങ്ങൾ.

കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ പിറവിക്കു പിന്നിൽ അടൂർ ഗോപാലകൃഷ്ണൻ,കുളത്തൂർ ഭാസ്‌കരൻനായർ എന്നിവർക്കൊപ്പം ശ്രീവരാഹം ബാലകൃഷ്ണനുമുണ്ടായിരുന്നു.

സംസ്ഥാന ടെലിവിഷൻ അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: പി.എസ്. രാധ. മക്കൾ: പത്രപ്രവർത്തകനായ ശ്യാംകൃഷ്ണ, സൗമ്യകൃഷ്ണ (ടീച്ചർ, അബുദാബി). മരുമകൻ: ശ്യാംകുമാർ (അബുദാബി). നടനും നാടകകൃത്തുമായിരുന്ന അന്തരിച്ച പി. ബാലചന്ദ്രൻ ഭാര്യാ സഹോദരനാണ്. മൃതദേഹം ഇന്നു രാവിലെ 10ന് വസതിയിൽ പൊതുദർശനത്തിനുവയ്ക്കും. സംസ്‌കാരം വൈകിട്ട് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.


Source link

Related Articles

Back to top button