വനിതാ മാദ്ധ്യമപ്രവർത്തകർ വെല്ലുവിളി നേരിടുന്നു: മന്ത്രി വീണ, ദേശീയ വനിതാ മാദ്ധ്യമപ്രവർത്തക കോൺക്ലേവിന് തുടക്കം

തിരുവനന്തപുരം: പ്രാതിനിദ്ധ്യം വർദ്ധിച്ചിട്ടും വനിതാ മാദ്ധ്യമപ്രവർത്തകർ വെല്ലുവിളി നേരിടുന്നതായി മന്ത്രി വീണാജോർജ് പറഞ്ഞു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കേരള പത്രപ്രവർത്തക യൂണിയന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ വനിതാ മാദ്ധ്യമപ്രവർത്തക കോൺക്ലേവ് മാസ്‌കോട്ട് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കഴിവിന്റെ അടിസ്ഥാനത്തിൽ മാദ്ധ്യമങ്ങളിൽ സ്ത്രീകൾക്ക് അവസരങ്ങൾ നൽകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ മാദ്ധ്യമപ്രവർത്തക മായാശർമ്മ പറഞ്ഞു. വനിതാ മാദ്ധ്യമപ്രവർത്തകരെ പ്രത്യേക മുദ്ര ചാർത്തി പിന്തള്ളുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യപ്രഭാഷണത്തിൽ പ്രമുഖമാദ്ധ്യമപ്രവർത്തക റാണ അയൂബ് പറഞ്ഞു.
കേരളത്തിലെ ആദ്യകാല വനിതാ പത്രപ്രവർത്തകയായ എം. ഹലീമബീവിയെക്കുറിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ഡയറക്ടർ ടി.വി. സുഭാഷ്, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, വൈസ് പ്രസിഡന്റ് പി.എം. കൃപ, സംസ്ഥാന സെക്രട്ടറി ബിനിത ദേവസി, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ എന്നിവർ പങ്കെടുത്തു.
Source link