നാലു മാസ തയ്യാറെടുപ്പ്: നീറ്റ് പി.ജിയിൽ നേടാം മികച്ച സ്‌കോർ

ഡോ.ടി.പി. സേതുമാധവൻ | Wednesday 19 February, 2025 | 12:00 AM
നീറ്റ് പി.ജി മെഡിക്കൽ 2024 കട്ട് ഓഫ് മാർക്ക് കുറച്ചിട്ടും കുറഞ്ഞ സ്‌കോറുള്ളവർക്ക് താത്പര്യമുള്ള ബ്രാഞ്ചുകളിൽ പ്രവേശനം ലഭിക്കുന്നില്ലെന്ന് എം.സി.സി മൂന്നാം റൗണ്ട് ഫലം വ്യക്തമാക്കുന്നു. ക്ലിനിക്കൽ ബ്രാഞ്ചുകളിൽ ഉയർന്ന സ്‌കോറുള്ളവർക്കാണ് പ്രവേശനം ലഭിക്കുന്നത്. സംസ്ഥാനതല അലോട്ട്‌മെന്റുകളിലും ഈ പ്രവണത തുടരുന്നു. അവസാന റൗണ്ടായ സ്‌ട്രേ റൗണ്ടിലേക്കുള്ള പ്രവേശന നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
താത്പര്യമുള്ള ബ്രാഞ്ചിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ പരീക്ഷ റിപ്പീറ്റ് ചെയ്യുന്നതാണ് നല്ലത്. 2024-ലെ പ്രവേശന നടപടികൾ ഫെബ്രുവരി അവസാനം വരെ തുടരും. എന്നാൽ, നീറ്റ് പി.ജി 2025 ജൂണിൽ നടത്തുമെന്നാണ് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിപ്പുകൾ വ്യക്തമാക്കുന്നത്. നാലുമാസത്തിലധികം വൈകിയാണ് 2024ലെ മെഡിക്കൽ പി.ജി പ്രവേശനം പൂർത്തിയാകുന്നത്.
2025 നോട്ടിഫിക്കേഷൻ മാർച്ചിൽ
…………………………………….
2025-ലെ ഡെന്റൽ പി.ജി ഏപ്രിൽ 19നു നടക്കും. ഇതിനുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. നീറ്റ് പി.ജി മെഡിക്കൽ നോട്ടിഫിക്കേഷൻ മാർച്ചിൽ ഇറങ്ങാനാണ് സാദ്ധ്യത. ചിട്ടയോടെയുള്ള തയ്യാറെടുപ്പിലൂടെ മികച്ച സ്‌കോർ നേടാം. ഒബ്ജക്ടീവ് മാതൃകയിലുള്ള 200 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. നെഗറ്റീവ് മാർക്കിംഗ് രീതിയുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. മൊത്തം 800 മാർക്കാണ്. മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളെഴുതുന്ന പ്രധാനപ്പെട്ട മത്സര പരീക്ഷയാണിത്.
മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള കഴിവ് നേടണം. പഠിക്കുമ്പോൾ ഷോർട്ട് നോട്ട്‌സ് തയ്യാറാക്കിയിട്ടുണ്ടെങ്കിൽ റിവിഷൻ സമയത്ത് ഉപകാരപ്പെടും. പരിഷ്‌കരിച്ച 2025-ലെ നീറ്റ് പി.ജി നാറ്റ് ബോർഡിന്റെ സിലബസ്, ചോദ്യക്രമം എന്നിവ മനസിലാക്കിയിരിക്കണം. നിശ്ചിതസമയം പൂർത്തിയാക്കിയശേഷം മാത്രമേ അടുത്ത ചോദ്യഭാഗങ്ങളിലെത്താൻ സാധിക്കൂ. കഴിഞ്ഞ അഞ്ച് വർഷത്തെ നീറ്റ് പി.ജി ചോദ്യങ്ങൾ ശേഖരിച്ച് ഉത്തരം നൽകാൻ ശ്രമിക്കുക. പരമാവധി മോക്ക് ടെസ്റ്റുകൾ ചെയ്യണം.
ടൈം മാനേജ്‌മെന്റിനായി പരിശീലിക്കുക. സാധാരണയായി പരീക്ഷ കഴിഞ്ഞാൽ സമയക്കുറവിനെക്കുറിച്ച് പരാതി പറയാറുണ്ട്. അത് ആവർത്തിക്കാനിടവരരുത്. ദിവസേന കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണം. അനാവശ്യ സമ്മർദ്ദങ്ങളും ഉത്കണ്ഠകളും ഒഴിവാക്കുക. അനാവശ്യ സമ്മർദ്ദം ഉണ്ടാക്കാൻ രക്ഷിതാക്കളും ശ്രമിക്കരുത്. ടെൻഷനില്ലാതെ പരീക്ഷയെഴുതുമെന്ന ആത്മവിശ്വാസം എല്ലാ വിദ്യാർത്ഥികൾക്കുമുണ്ടാകണം. അതിനുള്ള തീരുമാനവുമെടുക്കണം. ഏകാഗ്രതയോടെ മനസിരുത്തി പഠിക്കണം. പരീക്ഷയുടെ മുന്നൊരുക്കങ്ങളിൽ വിദ്യാർത്ഥിയോടൊപ്പം, രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കേണ്ടതാണ്. ചില രക്ഷിതാക്കളുടെ അകാരണമായ മാനസിക സംഘർഷം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാറുണ്ട്. പഠനം, ഭക്ഷണം, ഉറക്കം എന്നിവ പരീക്ഷ മുന്നൊരുക്കങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.
സ്‌ട്രെസ്സ് ഒഴിവാക്കാൻ വ്യായാമം ചെയ്യുന്നതും പാട്ടു കേൾക്കുന്നതും ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും നല്ലതാണ്. പോസിറ്റീവ് മനോഭാവത്തോടെ പരീക്ഷയെഴുതുന്നത് വിജയം ഉറപ്പുവരുത്തും.
ഓർമിക്കാൻ…
1. ബിറ്റ്സാറ്റ് 2025:- ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസ്, പിലാനി 2025-26 അദ്ധ്യയന വർഷത്തേക്കു നടത്തുന്ന ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 18 വരെ അപേക്ഷിക്കാം. എൻജിനിയറിംഗ്, ഫാർമസി, എം.എസ്സി വിഷയങ്ങളിലെ വിവിധ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അടിസ്ഥാന യോഗ്യത പ്ലസ് ടു/ തത്തുല്യം. വെബ്സൈറ്റ്: www.bitsadmission.com.
2. ഫാഷൻ ഡിസൈനിംഗ്:- കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയ്നിംഗ് & ഡിസൈൻ സെന്ററുകളിൽ അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോളജി, ഫാഷൻ ഡിസൈൻ ടെക്നോളജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: atdcindia.co.in.
യു.ജി.സി നെറ്റ് ഫലം വെള്ളിയാഴ്ച
ന്യൂഡൽഹി: എൻ.ടി.എ നടത്തിയ യു.ജി.സി നെറ്റ് ഡിസംബർ 2024 പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സൂചന. ugcnet.nta.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഫലം ഡൗൺലോഡ് ചെയ്യാം. ജനുവരി മൂന്നു മുതൽ 27 വരെയായിരുന്നു പരീക്ഷ.
Source link