TODAY'S RECAP റാഗിങ്ങിന് പിന്നിൽ എസ്എഫ്ഐക്കാരെന്ന്; പുറത്താക്കുന്ന ഇന്ത്യക്കാരെ സ്വീകരിക്കാൻ കോസ്റ്ററിക്ക – പ്രധാനവാർത്തകൾ

യുഎസ് പുറത്താക്കുന്ന ഇന്ത്യക്കാരെ സ്വീകരിക്കാൻ കോസ്റ്ററിക്ക തയാറാണെന്നുള്ളതായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ റാഗിങ്ങിനു പിന്നിൽ എസ്എഫ്ഐക്കാരാണെന്ന വിദ്യാർഥി ബിൻസിന്റെ അമ്മയുടെ പ്രതികരണമായിരുന്നു മറ്റൊരു പ്രധാന വാർത്ത. അർധരാത്രിയിലെ ചീഫ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമന തീരുമാനം മര്യാദയില്ലാത്തതെന്ന രാഹുൽ ഗാന്ധിയുടെ പ്രതികരണം, ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും, റാഗിങ് കേസുകളിൽ ഉടനടി നടപടി; ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്നു മന്ത്രി ആർ. ബിന്ദു എന്നിവയും പ്രധാന വാർത്തകളിൽ ചിലതാണ്. വായിക്കാം വിശദമായി. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസിനെതിരെ കാര്യവട്ടം ക്യാംപസിൽ നടന്ന ക്രൂരമായ റാഗിങ്ങിനു പിന്നിൽ എസ്എഫ്ഐക്കാരായ വിദ്യാർഥികളെന്ന് അമ്മ ബീന. കോളജിൽ ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ, വേറെ പാർട്ടികളില്ല. യൂണിയൻ ഓഫിസിൽ കൊണ്ടുപോയി മകനെ മർദിക്കണമെങ്കിൽ അത് എസ്എഫ്ഐക്കാർ തന്നെ ആയിരിക്കുമല്ലോയെന്നും അമ്മ മനോരമ ഓൺലൈനോട് പറഞ്ഞു. ഇന്ത്യയിൽ നിന്നും അനധികൃതമായി കുടിയേറിയവരിൽ നാലാമത്തെ സംഘത്തെ ബുധനാഴ്ച യുഎസ് പുറത്താക്കും. പക്ഷേ ഇവർ എത്തുക ഇന്ത്യയിലേക്കല്ല. ഇവരുടെ സഞ്ചാരം സൈനിക വിമാനത്തിലുമാവില്ല. മധ്യഅമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിലേക്കാണ് ഇക്കുറി ഇന്ത്യക്കാരുൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് അയക്കുന്നത്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ (സിഇസി) നിയമനത്തിനു പിന്നാലെ സിലക്‌ഷൻ കമ്മിറ്റി യോഗത്തിലെ തന്‍റെ വിയോജനക്കുറിപ്പ് പുറത്തുവിട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനമെന്നും അംബേദ്ക്കറുടെ ആശയങ്ങൾ ഉയർത്തിപിടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിയോജനക്കുറിപ്പിൽ രാഹുൽ ഗാന്ധി പറയുന്നു.
Source link