KERALAM

ഷർട്ട് ധരിച്ച് ക്ഷേത്ര ദർശനം; തന്ത്രിമാർക്ക് വഴങ്ങാതെ സർക്കാർ തീരുമാനമെടുക്കണം : സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് കയറുന്ന കാര്യത്തിൽ തന്ത്രിമാരുടെ അഭിപ്രായവും അനുവാദവും തേടാതെ സർക്കാർ ധൈര്യത്തോടെ തീരുമാനമെടുക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയത് ഏതെങ്കിലും തന്ത്രിമാരുടെ അനുവാദം വാങ്ങിയല്ല.. ക്ഷേത്ര പ്രവേശന വിളംബരമുണ്ടായതും തന്ത്രിമാർ പറഞ്ഞിട്ടല്ല. കാലോചിതമായ മാറ്റങ്ങൾ വരുത്താൻ സർക്കാരുകൾക്ക് സാധിക്കും. ക്ഷേത്രത്തിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവരും പൂജാരിമാരാകണമെന്ന് പിണറായി സർക്കാർ തീരുമാനിച്ചതും തന്ത്രിമാരുടെ നിർദ്ദേശ പ്രകാരമല്ല. ഗുരുവിന്റെ ധീരമായ പാത പിന്തുടർന്ന് ശാസ്ത്ര യുഗത്തിൽ ജീവിക്കുന്ന പരിഷ്കൃത ജനതയെന്ന നിലയിൽ അപരിഷ്കൃത ചിന്തകളെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രീനാരായണീയ സമൂഹത്തിന് കഴിയണം. കരിയും കരിമരുന്നും ക്ഷേത്രങ്ങളിൽ വേണ്ടെന്ന് നൂറു വർഷം മുമ്പ് ഗുരുദേവൻ പറഞ്ഞു. ആന വേണ്ടെന്ന് കോടതികളെല്ലാം ആവർത്തിക്കുന്നു. ഇപ്പോൾ ബ്രാഹ്മണർ അത് വേണ്ടെന്ന് പറഞ്ഞിട്ടും സമൂഹം അംഗീകരിക്കുന്നില്ല, ചില മാമൂൽ പ്രിയൻമാർ കോടതികളെ സമീപിച്ച് എങ്ങനെയും ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളത്തും വെടിക്കെട്ടും തുടരാനുള്ള ശ്രമത്തിലാണെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

. ഗുരു സ്വപ്നം കണ്ട ലോകത്തേക്ക് എത്താൻ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും വികലതകളെ തിരിച്ചറിഞ്ഞാണ് തിരുത്തൽ ശക്തിയായി ശിവഗിരി മഠം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഉടുപ്പ് ധരിച്ചേ കയറാവൂവെന്ന് നിർബന്ധം പിടിക്കുന്ന ക്ഷേത്രങ്ങളിൽ എന്തിന് നാം പോകണമെന്ന് ചടങ്ങിന് സ്വാഗതം പറഞ്ഞ അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ചോദിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ മുഖ്യാതിഥിയായി. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്, റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്,ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, സ്വാമി ശിവനാരായണ തീർത്ഥ തുടങ്ങിയവർ സംസാരിച്ചു.


Source link

Related Articles

Back to top button