ആള്‍ക്കൂട്ട നിയന്ത്രണ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ റെയില്‍വേ; എഐ സാങ്കേതികവിദ്യയും ഉപയോഗിക്കും


ന്യൂഡൽഹി ∙ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ അപകടത്തിനു പിന്നാലെ ആള്‍ക്കൂട്ട നിയന്ത്രണ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ റെയില്‍വേ മന്ത്രാലയം. തിരക്ക് നിയന്ത്രിക്കാനും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുമായി നിര്‍മിത ബുദ്ധി (എഐ) സാങ്കേതികവിദ്യ വിനിയോഗിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. റെയിൽവേ സ്റ്റേഷനിലെ തിരക്കേറിയ ഭാഗങ്ങളിലെ ആള്‍ക്കൂട്ടത്തിന്റെ ചലനങ്ങള്‍ അറിയാനായി നിർമിത ബുദ്ധിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രാദേശിക റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് ഉള്‍പ്പടെയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനായി തിരക്കുള്ള സീസണുകളില്‍ സ്റ്റേഷനുകളിലെ നടപ്പാതയില്‍ പ്രത്യേക നിറങ്ങള്‍ അടയാളപ്പെടുത്തും. ഹോൾഡിങ് ഏരിയ എന്നറിയപ്പെടുന്ന ഈ ഭാഗങ്ങള്‍ 60 റെയില്‍വേ സ്റ്റേഷനുകളിലാണ് സജ്ജീകരിക്കുക. തിരക്കുണ്ടാകാനിടയുള്ള ഈ സ്റ്റേഷനുകള്‍ ഹൈ ട്രാഫിക് സ്റ്റേഷനുകളായി അടയാളപ്പെടുത്തും. ഇതില്‍ പ്രയാഗ്‌രാജിലേക്ക് നേരിട്ട് ട്രെയിനുകളുള്ള 35 സ്‌റ്റേഷനുകളെ വാര്‍ റൂമിൽനിന്ന് വീക്ഷിക്കാനാണ് തീരുമാനം.  ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മാത്രം നടപ്പാതയിലും പടികളിലുമായി 200 സിസിടിവികള്‍ സ്ഥാപിക്കും. യാത്രക്കാരില്‍ നിന്നും ചുമട്ടുതൊഴിലാളികളില്‍ നിന്നും അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞാകും തുടർനടപടികൾ.


Source link

Exit mobile version