കൂടുതൽ നേതാക്കൾ ഷിൻഡെ പക്ഷത്തേക്ക്; പിടിച്ചു നിർത്താൻ ഉദ്ധവ് വിഭാഗം

മുംബൈ ∙ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശിവസേനാ ഉദ്ധവ് വിഭാഗത്തിൽനിന്ന് ഷിൻഡെ പക്ഷത്തേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. കൊങ്കൺ മേഖലയിൽ നിന്നുള്ള ഉദ്ധവ് വിഭാഗം നേതാവും മുൻ എംഎൽഎയുമായ സുഭാഷ് ബാനെ കഴിഞ്ഞ ദിവസം ഷിൻഡെ വിഭാഗത്തോടൊപ്പം ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് (ഷിൻഡെ) വലിയ വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി പറയാൻ രത്നാഗിരിയിൽ നടത്തിയ സമ്മേളനത്തിലാണ് മകനും ഉദ്ധവ് വിഭാഗം സംഗമേശ്വർ താലൂക്ക് അധ്യക്ഷനുമായ റോഹൻ, പ്രാദേശിക നേതാക്കൾ എന്നിവരോടൊപ്പം ബാനെ പാർട്ടി മാറിയത്.കൊങ്കൺ മേഖലയിലെ ഉദ്ധവ് വിഭാഗം നേതാവും മുൻ എംഎൽഎയുമായ രാജൻ സാൽവി കഴിഞ്ഞ ദിവസം ഷിൻഡെയോടൊപ്പം ചേർന്നിരുന്നു. മുൻ എംഎൽഎ ഗണപത് കദം ഷിൻഡെ വിഭാഗത്തിനൊപ്പം ചേരാനുള്ള സാധ്യതയമുണ്ട്. 2022ൽ ശിവസേനാ പിളർപ്പിന്റെ സമയത്ത് കൊങ്കൺ മേഖലയിൽ 3 എംഎൽഎമാരാണ് ഉദ്ധവ് വിഭാഗത്തിനൊപ്പം ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ഒന്നായി ചുരുങ്ങി. അവിഭക്ത ശിവസേനയുടെ ശക്തികേന്ദ്രമായിരുന്ന മേഖലയിൽ ഭാസ്കർ ജാദവ് എംഎൽഎ മാത്രമാണ് ഉദ്ധവ് വിഭാഗത്തിനൊപ്പമുള്ളത്. അദ്ദേഹം മറുകണ്ടം ചാടാനുള്ള സാധ്യതയും തള്ളാനാകില്ല.നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രാദേശിക നേതാക്കൾ മുതൽ മുൻ കോർപറേറ്റർമാർ, മുൻ എംഎൽഎമാർ അടക്കം ഒട്ടേറെ പേരാണ് ഉദ്ധവ് വിഭാഗത്തിൽനിന്നു ഷിൻഡെ വിഭാഗത്തിനൊപ്പം ചേരുന്നത്. അണികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തിൽ ഉദ്ധവ് വിഭാഗം മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ഇതിനു പുറമേ, രാജൻ സാൽവിയുടെ മണ്ഡലമായ രാജാപുരിലെ പ്രവർത്തകരുമായും ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി.
Source link