‘ഒരാൾക്കുമീതെ മറ്റൊരാളായി തുടരെ ആളുകൾ വീണു’; 7 വയസ്സുകാരി മരിച്ചത് തലയിൽ ആണി തുളച്ചുകയറി

ന്യൂഡൽഹി ∙തിരക്കിൽ വീണുപോയ 7 വയസ്സുള്ള മകളുടെ തലയിൽ ആണി തുളച്ചുകയറിയതു കണ്ടുനിൽക്കേണ്ടി വന്ന അച്ഛൻ വിറയ്ക്കുന്ന കൈകൾ കൂപ്പിയാണു സംസാരിച്ചത്. ഡൽഹി എൽഎൻജെപി ആശുപത്രിയുടെ വരാന്തയിലിരുന്ന് വെസ്റ്റ് സഗർപൂർ സ്വദേശി ഒപിൽ സിങ് മൊബൈലിൽ മകളുടെ ചിത്രം എല്ലാവരെയും കാണിക്കുന്നു. രാത്രി 8.10ന്റെ പ്രയാഗ്‌രാജ് ട്രെയിനിൽ കയറാനാണ് 2 മക്കളും ഭാര്യയും സഹോദരനുമായി റെയിൽവേ സ്റ്റേഷനിലെത്തിയത്.5 ജനറൽ ടിക്കറ്റുകളെടുത്തിരുന്നുവെങ്കിലും ആ ട്രെയിനിൽ തിരക്കുമൂലം കയറാനായില്ല. 14–ാം നമ്പർ പ്ലാറ്റ്ഫോമിലേക്കു പോകുമ്പോഴേക്കും തിരക്ക് കണ്ടു. ‘ആയിരക്കണക്കിന് ആളുകൾ മുകളിൽനിന്ന് താഴേക്കു ഇറങ്ങിവരുന്നതിനിടെയാണു ഞങ്ങൾ മുകളിലേക്ക് കയറുന്നത്. മുകളിലെത്താൻ 6 പടികൾ മാത്രം ബാക്കിയുള്ളപ്പോൾ മകൾ തിക്കിലും തിരക്കിലും കുടുങ്ങി. ഒരാൾക്കുമേൽ മറ്റൊരാളായി തുടരെത്തുടരെ ആളുകൾ മറിഞ്ഞുവീഴാൻ തുടങ്ങി. ഇതിനിടയിൽ എന്റെ മകളുടെ തലയിലേക്ക് ഒരു ആണി തുളച്ചുകയറി.’ ഇത്രയും വലിയ തിരക്ക് നിയന്ത്രിക്കാൻ ഒരു പൊലീസുകാരൻ മാത്രമാണു സംഭവ സ്ഥലത്തുണ്ടായിരുന്നതെന്നും ഒപിൽ സിങ് പറഞ്ഞു.വീണുപോയവരെ സഹായിക്കാൻ പോലും ആരുമെത്തിയില്ല ന്യൂഡൽഹി ∙ പ്രയാഗ്‌രാജിലേക്കു പോകാൻ 11 കുടുംബാംഗങ്ങളുമായെത്തിയ ഡൽഹി സ്വദേശി സഞ്ജയ്ക്കു സഹോദരിയെയാണു നഷ്ടമായത്. ‘തിക്കുംതിരക്കുമുണ്ടായതോടെ സഹോദരിയെ കാണാതായി. അരമണിക്കൂർ കഴിഞ്ഞാണു അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടത്. ഒരു മണിക്കൂറോളം പ്ലാറ്റ്ഫോമിലുണ്ടായിട്ടും അധികൃതർ സഹായത്തിനെത്തിയില്ല. ഞാനും ബന്ധുക്കളും ചേർന്ന് സഹോദരിയെ എടുത്തു പാളം മുറിച്ചു കടന്നാണു പുറത്തെത്തിയത്.’–സഞ്ജയ് മാധ്യമങ്ങളോടു പറഞ്ഞു.
Source link