വിലക്കില്ലാതെ വിലങ്ങ്; രണ്ടാം വിമാനത്തിലും ബന്ധനം

ന്യൂഡൽഹി ∙ അനധികൃത കുടിയേറ്റക്കാരെ മനുഷ്യത്വരഹിതമായ രീതിയിൽ മടക്കിയയച്ചതു സംബന്ധിച്ച് ഇന്ത്യയുടെ ആശങ്കകൾ യുഎസ് ചെവിക്കൊണ്ടില്ലെന്ന് വ്യക്തമായി. ഈ മാസം 5ന് അമൃത്‌സറിൽ ആദ്യ വിമാനത്തിലെത്തിയ 104 പേരിൽ മിക്കവരെയും ചങ്ങലയണിയിച്ചിരുന്നു. ഇന്ത്യയുടെ ആശങ്കകൾ അമേരിക്കൻ അധികൃതരെ അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായി സൂചനയുണ്ട്. എന്നാൽ, കുടിയേറ്റത്തടവുകാരെ മനുഷ്യത്വപരമായ രീതിയിൽ തിരിച്ചയയ്ക്കുന്ന വിഷയത്തേക്കാൾ ചർച്ചയിൽ ഊന്നൽ നൽകിയത് വൻതുക കൈപ്പറ്റി മനുഷ്യക്കടത്തു നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിലായിരുന്നു. ഇക്കാര്യത്തിൽ പരസ്പരം സഹകരിക്കുമെന്ന് സന്ദർശനത്തിൽ പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയിലുണ്ട്. നിയമപരമായുള്ള യാത്രാസൗകര്യങ്ങൾ സുഗമമാക്കാൻ ശ്രമിക്കുമെന്നും പ്രസ്താവനയിലുണ്ടായിരുന്നു.തടവുകാർ ആക്രമണത്തിനു തുനിഞ്ഞേക്കുമെന്ന് ആശങ്കയുണ്ടെങ്കിൽ വിലങ്ങുവയ്ക്കാൻ നിയമമുണ്ടെന്നാണു യുഎസ് വിശദീകരണം. ഇതാണ് വിദേശകാര്യമന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയതും. സംശയനിഴലിലുള്ളവരെ റേഡിയോ കോളർ ചെയ്യുന്നതും ചില അമേരിക്കൻ സംസ്ഥാനങ്ങളിൽ അനുവദനീയമാണ്. കാൽത്തളപോലെ അണിയിക്കുന്ന റേഡിയോ കോളറിലൂടെ വ്യക്തികളുടെ ഏതു നീക്കവും അധികൃതർക്കു നിരീക്ഷിക്കാനാകും. 2011ൽ കലിഫോർണിയയിലെ ട്രൈ–വാലി എന്ന അനധികൃത സർവകലാശാലയിൽ അഡ്മിഷൻ നേടി എത്തിയ ആയിരത്തഞ്ഞൂറോളം ഇന്ത്യൻ വിദ്യാർഥികളെ റേഡിയോ കോളർ ചെയ്തത് പ്രതിഷേധമുയർത്തിയിരുന്നു.അനധികൃത കുടിയേറ്റക്കാരെ യുഎസ് തിരിച്ചയച്ചാൽ സ്വീകരിക്കാതെ ഇന്ത്യയ്ക്കു നിവൃത്തിയില്ല. എന്നാൽ, അവരെ മനുഷ്യത്വരഹിതമായ രീതിയിൽ കൈകാര്യം ചെയ്യുന്നതാണു പ്രശ്നം. ശുചിമുറിയിൽ പോകാൻ പോലും പലപ്പോഴും അനുവദിക്കാതെയും ആപ്പിളും വെള്ളവും മാത്രം ഭക്ഷിക്കാൻ നൽകിയുമാണു എത്തിച്ചതെന്നാണു യാത്രക്കാർ പരാതിപ്പെട്ടിരിക്കുന്നത്.
Source link