11കാരി ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചനിലയിൽ

ശ്രീകാര്യം: പതിനൊന്നുകാരിയെ വീടിന്റെ ജനാലയിൽ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗർ മാമൂട്ടിൽ വടക്കതിൽ ഡ്രൈവറായ രൂപേഷിന്റെയും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സെക്യൂരിറ്റി സ്റ്റാഫ് ചിത്രയുടെയും മകൾ ആരാധികയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
ചേങ്കോട്ടുകോണം സ്വാമിയാർമഠം ശ്രീ നീലകണ്ഠ വിദ്യാപീഠത്തിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ് ആരാധിക. സംഭവസമയം വീട്ടിൽ ആരാധികയും നാലുവയസുകാരി അനുജത്തി രുദ്രയും മാത്രമാണുണ്ടായിരുന്നത്. കുട്ടികളെ അയൽപ്പക്കത്തെ വീട്ടുകാരെ ഏൽപ്പിച്ചാണ് മാതാപിതാക്കൾ ജോലിക്ക് പോകുന്നത്. ഉച്ചയ്ക്ക് അടുത്തവീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ അനുജത്തി തിരികെയെത്തിയപ്പോഴാണ് ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടത്. അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.
ഇന്നലെ രാവിലെ സമീപത്തെ ഡാൻസ് സ്കൂളിൽ ഡാൻസ് പഠിക്കാൻ പോയ ആരാധിക ഉച്ചയ്ക്ക് വീട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് രുദ്ര ഭക്ഷണം കഴിക്കാനായി അടുത്ത വീട്ടിലേക്ക് പോയത്. ശ്രീകാര്യം പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണമാരംഭിച്ചു.
Source link