അനാസ്ഥ കാട്ടി; റെയിൽവേ മന്ത്രി രാജിവയ്ക്കണം: കോൺഗ്രസ്

ന്യൂഡൽഹി ∙ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും യാത്രക്കാർ മരിക്കാനിടയായ സംഭവത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തെത്തി. ട്രെയിൻ അപകടങ്ങൾ പതിവായിട്ടും മൗനം പാലിക്കുന്ന മന്ത്രിയുടെ അനാസ്ഥ ഈ സംഭവത്തോടെ വ്യക്തമാണെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.വലിയ അപകടമുണ്ടായിട്ടും മരണമില്ലെന്നായിരുന്നു റെയിൽവേ അധികൃതരുടെ ആദ്യ വിശദീകരണങ്ങൾ. പിന്നീട് ആശുപത്രി അധികൃതരാണു മരണം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലഫ്. ഗവർണർ വി.കെ. സക്സേനയും സമൂഹമാധ്യമങ്ങളിലൂടെ അനുശോചിച്ചിട്ടും അർധരാത്രി 1നു ശേഷമാണു മന്ത്രി പ്രതികരിച്ചതെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനട്ടെ പറഞ്ഞു.റെയിൽവേ രക്ഷാപ്രവർത്തനം വൈകിച്ചെന്നും തിരക്കു നിയന്ത്രിക്കാൻ അധിക ട്രെയിനുകൾ ഓടിച്ചില്ലെന്നും പരാതിയുണ്ട്. പ്രയാഗ്‌രാജിലേക്ക് അധിക ട്രെയിനുകൾ ഓടിച്ചിരുന്നുവെന്നും അധികമായി ടിക്കറ്റ് വിറ്റില്ലെന്നുമാണു റെയിൽവേയുടെ വിശദീകരണം. ശനിയാഴ്ച വൈകിട്ട് 6 മുതൽ 8 വരെ 2600 ടിക്കറ്റുകളാണ് അധികമായി യാത്രക്കാർ ബുക്ക് ചെയ്തത്. രാത്രി 8നും 10നും ഇടയിൽ ശരാശരിയിലും കുറഞ്ഞ ജനറൽ ടിക്കറ്റുകളാണു വിറ്റതെന്നും റെയിൽവേ വിശദീകരിച്ചു.
Source link