KERALAM

തീരദേശത്ത് 300 ചതുരശ്ര അടി വരെയുള്ള വീടുകൾ, തദ്ദേശ സ്ഥാപനങ്ങൾക്കും അനുമതി നൽകാം

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ 300 ചതുരശ്ര അടി വരെയുള്ള വാസഗൃഹ നിർമ്മാണങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാമെന്ന് സംസ്ഥാന തീരദേശ പരിപാലന അതോറിട്ടി. അതിന് മുകളിലുള്ള വാസഗൃഹങ്ങൾക്കും മറ്റുള്ള കെട്ടിടങ്ങൾക്കും അനുമതി നൽകുന്ന കാര്യം തീരദേശ പരിപാലന അതോറിട്ടി പരിശോധിക്കും.

സി.ആർ.ഇസഡ് ചട്ടങ്ങളിലെ നിയന്ത്രണങ്ങൾ പാലിച്ച് 300 ചതുരശ്ര അടിവരെയുള്ള വാസഗൃഹങ്ങൾക്ക് അനുമതി നൽകാൻ നേരത്തെ സർക്കാ‌ർ ഉത്തരവിട്ടിരുന്നു. ആദ്യഘട്ടത്തിൽ നഗരസഭളിൽ മാത്രമാണ് നടപ്പാക്കിയിരുന്നത്. ഇതിനായി ഓൺലൈൻ പോർട്ടലിലും സംവിധാനം ഒരുക്കിയിരുന്നു. ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കുന്നതോടെ സി.ആർ.ഇസഡ്-2,3എ,3ബി വിഭാഗത്തിലുള്ള 134ഓളം പഞ്ചായത്തുകളിലുള്ളവർക്ക് ഗുണമാകും.

കടൽത്തീരത്തോട് ചേർന്നുള്ള 50 മീറ്റർ ഭാഗത്ത് യാതൊരു നിർമ്മാണവും അനുവദിച്ചിട്ടില്ല. ഇത് കഴിഞ്ഞുള്ള സി.ആർ.ഇസഡ് 2,3 സോണുകളിലാണ് നിയന്ത്രണങ്ങൾക്ക് വിധേയമായി വാസഗ്രഹ നിർമ്മാണങ്ങൾക്കും ലോ റിസ്ക് കെട്ടിടങ്ങൾക്കും അനുമതി നൽകുന്നത്. അതേസമയം, ഉൾനാടൻ ജലാശയങ്ങളുടെയും പുഴകളുടെയും തീരമേഖലകളിൽ ഇത്തരം വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും തണ്ണീർത്തട നിയമപ്രകാരം തടങ്ങളിലും ഓരങ്ങളിലും ഒരു നിർമ്മാണങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകാറില്ല.


Source link

Related Articles

Back to top button