ചെറുപ്പക്കാരിലെ ഹൃദ്രോഗം, കുഴഞ്ഞുവീണുള്ള മരണം; ഇവ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ

കുഴഞ്ഞു വീണു മരിക്കുന്ന ചെറുപ്പക്കാരുടെ വാർത്തയാണല്ലോ നിലവിൽ ധാരാളമായി കേൾക്കുന്നത്. വ്യായാമത്തിനിടെ ജിമ്മിൽ കുഴഞ്ഞു വീണ് മരിക്കുന്നു, ക്ലാസിൽ ഇരിക്കുന്നതിനിടയിൽ മരണം സംഭവിക്കുന്നു, തുടങ്ങി ഹൃദയാഘാതം ചെറുപ്പക്കാർക്കിടയിലും വലിയ വില്ലനായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ ‘ചെറുപ്പക്കാരിലെ ഹൃദയാരോഗ്യം’ എന്ന വിഷയത്തിൽ മദ്രാസ് മെഡിക്കൽ മിഷൻ ചെയർമാനും കാർഡിയോളജി വിഭാഗം തലവനുമായ ഡോ. അജിത് മുല്ലശേരി, അഡൽറ്റ് കാർഡിയോളജി ഡയറക്ടർ ഡോ.വി.എം.കുര്യൻ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ. വിജിത് കോശി ചെറിയാൻ എന്നിവർ പങ്കെടുത്തു.പൊതുവേ ആരോഗ്യപ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നവരാണ് ഭൂരിഭാഗം പേരും. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കഴിയാതെ ആകെ വീർപ്പുമുട്ടുന്ന പലരെയും സുഹൃത്തുക്കൾക്കിടയിൽ തന്നെ കാണാൻ കഴിയുമെന്ന് ഡോ. വി. എം കുര്യൻ പറയുന്നു. എന്നാൽ ഇവർ ഒരു അവസരം കിട്ടിയാൽ ഇരട്ടിയായി കഴിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ ഭയന്ന് ഇഷ്ട ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ല എന്നാൽ കഴിക്കുന്നതിൽ നിയന്ത്രണം വേണമെന്നു മാത്രം. കൊളസ്ട്രോൾ ഉണ്ടാകുന്നതിനാൽ മാത്രമാണ് ഹൃദ്രോഗം സംഭവിക്കുന്നതെന്ന തോന്നൽ തെറ്റാണ്. ശരീരത്തിന് ആവശ്യമായ ഘടകമാണ് കൊളസ്ട്രോളെന്നും എന്നാൽ അത് അമിതമാകരുതെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ഒഴിവാക്കേണ്ടതില്ല, അളവ് കുറച്ചാൽ മതിയെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
Source link