KERALAM

വായ്പ പോര; ഗ്രാന്റും വേണം, കേന്ദ്രത്തെ സമീപിക്കാൻ കേരളം, വായ്പ ചെലവഴിക്കാൻ സാവകാശം തേടും

#വയനാട് പദ്ധതികൾക്ക് മാറ്റമില്ല

തിരുവനന്തപുരം: വയനാട് പുനർനിർമ്മാണത്തിന് അനുവദിക്കുന്ന 529.50 കോടി കേന്ദ്രവായ്പ ഒന്നര മാസം കൊണ്ടു ചെലവഴിക്കണമെന്ന നിബന്ധനയിൽ സംസ്ഥാനം ഇളവ് തേടും. കേന്ദ്രഗ്രാന്റായി വേറെ തുക അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുകയും ചെയ്യും.

ഇതിനായി ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം നാളെ ചേരും. പുനർനിർമ്മാണ പദ്ധതികളുടെ നിർവഹണ ചുമതലയുള്ള വകുപ്പുകളുടെ സെക്രട്ടറിമാരായ പൊതുമരാമത്ത്, റവന്യു,ജല വിഭവം, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ സെക്രട്ടറിമാരാകും പങ്കെടുക്കുക.

ഇവർ നൽകുന്ന റിപ്പോർട്ട് തൊട്ടടുത്ത ദിവസം വകുപ്പ് മന്ത്രിമാർ അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് അയയ്ക്കും. കൂടുതൽ സമ്മർദ്ദം ചെലുത്താൻ നേരിട്ട് ചർച്ച നടത്തുന്നതും ആലോചിക്കും.

കേന്ദ്രം നൽകിയിരിക്കുന്ന വായ്പ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ്. അത് മാസങ്ങൾക്കകം പൂർത്തിയാക്കാനാവും. ടൗൺഷിപ്പ് അടക്കം പൂർത്തിയാക്കാൻ ഒരു വർഷം വേണ്ടിവരുമെന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടൽ. ആ പദ്ധതി അതേപടി മുന്നോട്ടുപോവും.

ഒന്നര മാസത്തിനുള്ളിൽ

സാദ്ധ്യമായത് ചെയ്യും

 പലിശ ഇല്ലാതെയും തിരിച്ചടവിന് 50 വർഷ കാലയളവ് നിശ്ചയിച്ചും നൽകിയ വായ്പയാണെങ്കിലും നടപ്പ്സാമ്പത്തികവർഷം ചെലവാക്കണമെന്ന വ്യവസ്ഥയാണ് കുരുക്ക്

 ഒന്നര മാസത്തിനുള്ളിൽ നടത്താൻ കഴിയുന്ന നിർമ്മാണ പ്രവൃത്തികൾ പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ യോഗം തീരുമാനിക്കും

 ശേഷിക്കുന്ന പണികൾ പൂർത്തിയാക്കാൻ എത്ര മാസം കൂടി വേണമെന്ന് കണക്കാക്കി സാവകാശം ആവശ്യപ്പെടും

# സഹായമായി ആവശ്യപ്പെട്ടത്

(തുക കോടിയിൽ)

ഭവനനിർമ്മാണം……………………………… 1113.25

റോഡ്,പാലം……………………………………… 267.62

കൃഷി…………………………………………………..128.23

ദുരന്തം കുറയ്ക്കാൻ………………………….. 271.81

ആരോഗ്യസംരക്ഷണം………………………….. 76.81

സ്കൂൾ,മറ്റ് അടിസ്ഥാനവികസനം…….. 363.31

ആകെ………………………………………………… 2221.03

സംസ്ഥാനങ്ങൾക്ക്

ദുരന്ത സഹായം

(അനുവദിച്ച തുക കോടിയിൽ)

ആന്ധ്ര, തെലങ്കാന………….3448

ത്രിപുര…………………………….. 40

അസാം……………………………. 716

മഹാരാഷ്ട്ര……………………. 1492

ബീഹാർ…………………………. 655

കേരളം…………………………..529.50(വായ്പ)

നിബന്ധനകൾ ക്രൂരതയാണ്. കേരളത്തോട് എന്തുമാകാമെന്ന് കരുതരുത്

– കെ.രാജൻ,

റവന്യു മന്ത്രി

വിവിധ തലങ്ങളിൽ കൂടിയാലോചനകൾ നടത്തി തുടർ നടപടികൾ സ്വീകരിക്കും

-കെ.എൻ.ബാലഗോപാൽ,

ധനമന്ത്രി


Source link

Related Articles

Back to top button