‘ജെഎൻയുവിനെക്കാൾ ഇടതുചായ്‌വ്, എന്റെ പരിശീലനം പുണെ സർവകലാശാലയിൽ’: വിവാദമായി ശാന്തിശ്രീയുടെ പ്രസംഗം

മുംബൈ∙ ജെഎൻയുവിലെ ആദ്യ വനിതാ വൈസ് ചാൻസലറായ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് പുണെയിലെ സാവിത്രിബായി ഫുലെ സർവകലാശാലയിൽ നടത്തിയ പ്രസംഗം വിവാദമാകുന്നു. ‘‘ജെഎൻയുവിനെക്കാൾ കൂടുതൽ ഇടതുചായ്‌വ് ഉള്ളത് പുണെ സർവകലാശാലയിലാണ്. എന്നാൽ അതു അത്ര പ്രകടമല്ല. ജെഎൻയു ഇടതുപക്ഷമായിട്ടും ഞാൻ സമാധാനത്തോടെ എങ്ങനെയാണു സർവകലാശാലയെ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നതിൽ പലരും അമ്പരക്കുന്നുണ്ടെന്നും ശാന്തിശ്രീ പറഞ്ഞു. ‘‘പുണെ സർവകലാശാലയിൽനിന്നു പരിശീലനം നേടിയ ആളാണ് ഞാൻ. ഇവിടെനിന്നു പാകപ്പെട്ട് ഇറങ്ങിയവർക്ക് എവിടെയും ജോലി ചെയ്യാം. ജെഎൻയുവിലെ ആദ്യ സംഘി വൈസ് ചാൻസലറാണ് താൻ. ജെഎൻയുവിൽ മതപഠന കോഴ്സുകളില്ല. എന്നാൽ ഹിന്ദു, ബുദ്ധ, ജെയിൻ സ്റ്റഡി സെന്ററുകളുണ്ട്. എന്റെ നേതൃത്വത്തിൽ ജെഎൻയു ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണ്. നമ്മുടെ സർക്കാർ 10 വർഷമായി കേന്ദ്രത്തിൽ ഭരിക്കുന്നു. പക്ഷേ ജെഎൻയുവിൽ ഇടതുധാര തുടരുകയാണ്. സാമ്പത്തിക ശക്തി മാത്രം പോരാ, ആഖ്യാന ശക്തിയായി മാറണമെങ്കിൽ വലതുപക്ഷം കൂടുതലായി എഴുത്തിന്റെ മേഖലയിലേക്ക് കടന്നുവരണം”– മഹാരാഷ്ട്ര എജ്യുക്കേഷനൽ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ ശാന്തിശ്രീ പറഞ്ഞു.പ്രസംഗം വ്യാപകമായി പ്രചരിച്ചതോടെ പുണെ സാവിത്രിബായി ഫുലെ സർവകലാശാലയിലെ മുൻ വൈസ് ചാൻസലർമാർ ശാന്തിശ്രീക്കെതിരെ രംഗത്തെത്തി. നാലായിരത്തോളം വിദ്യാർഥികൾ സമാധാനപരമായി പഠിക്കുന്ന സർവകലാശാലയാണിത്. ഇവിടെ പ്രത്യയശാസ്ത്രപരമായ വേർതിരിവുകൾ ഇല്ല. അക്കാദമിക് താൽപര്യം ഉള്ളവരാണ് ഇവിടെ പഠിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.
Source link