പുണ്യഭൂമിയിലേക്ക് ‘നാടുകടത്തൽ’ വിമാനമെന്നത് മോദിയുടെ ദുശ്ശാഠ്യമെന്ന് മാൻ; കൊണ്ടും കൊടുത്തും പഞ്ചാബ് രാഷ്ട്രീയം

പുണ്യഭൂമിയിലേക്ക് ‘നാടുകടത്തൽ’ വിമാനമെന്നത് മോദിയുടെ ദുശ്ശാഠ്യമെന്ന് മാൻ; കൊണ്ടും കൊടുത്തും പഞ്ചാബ് രാഷ്ട്രീയം | അമൃത്സർ | നരേന്ദ്ര മോദി | കുടിയേറ്റക്കാർ | യുഎസ് നാടുകടത്തൽ | മനോരമ ഓൺലൈൻ ന്യൂസ് – Amritsar Deportation: Political Storm Erupts in Punjab | Amritsar | Punjab | Deportation | Political Contoversy | Malayala Manorama Online News
പുണ്യഭൂമിയിലേക്ക് ‘നാടുകടത്തൽ’ വിമാനമെന്നത് മോദിയുടെ ദുശ്ശാഠ്യമെന്ന് മാൻ; കൊണ്ടും കൊടുത്തും പഞ്ചാബ് രാഷ്ട്രീയം
മനോരമ ലേഖകൻ
Published: February 16 , 2025 11:49 AM IST
2 minute Read
ഭഗവന്ത് സിങ് മാൻ (ഫോട്ടോ: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)
ചണ്ഡിഗഢ്∙ 116 പേരുമായി യുഎസിൽനിന്ന് നാടുകടത്തിയവരുടെ വിമാനം പഞ്ചാബിൽ ലാൻഡ് ചെയ്തതിനുപിന്നാലെ അമൃത്സറിനെ കേന്ദ്രീകരിച്ച് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിൽ വീണ്ടും രാഷ്ട്രീയ വാഗ്വാദങ്ങൾ തലപൊക്കുന്നു. ഇന്ത്യൻ പൗരന്മാരുടെ നാടുകടത്തൽ വിഷയം എഎപി, കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികൾ തമ്മിലുള്ള ചൂടേറിയ ചർച്ചകൾക്കാണു വഴിവയ്ക്കുന്നത്. ഫെബ്രുവരി 5നാണ് നാടുകടത്തുന്ന ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലേക്ക് എത്തുന്നത്. കൈകാലുകൾ ചങ്ങല കൊണ്ടു ബന്ധിച്ച് 41 മണിക്കൂർ യാത്ര ചെയ്താണ് വിമാനം അമൃത്സറിലെത്തിയത്. പിന്നാലെ ഇന്നലെ രാത്രിയും മറ്റൊരു വിമാനമെത്തി. ഇന്നും വിമാനമെത്തുമെന്നാണ് വിവരം.
വിമാനങ്ങൾ എന്തുകൊണ്ട് പഞ്ചാബിലേക്ക് എത്തുന്നു മറ്റു വിമാനത്താവളങ്ങളില്ലേ എന്നതാണ് വിവാദമായിരിക്കുന്നത്. അമൃത്സർ പുണ്യഭൂമിയെന്നു മുഖ്യമന്ത്രി പറയുമ്പോൾ നടപടിയെന്തെടുത്തുവെന്ന ചോദ്യമാണു പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നത്.
‘മോദി സർക്കാരിന്റെ വൃത്തികെട്ട ദുശ്ശാഠ്യം’വിമാനമിറങ്ങുന്നവരെ സ്വീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ നേരിട്ട് എത്തിയിരുന്നു. പഞ്ചാബിന്റെ പ്രതിച്ഛായ മോശമാക്കാൻ വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഡാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു. ‘‘നാടുകടത്തൽ വിമാനങ്ങൾ അയയ്ക്കുന്നത് അമൃത്സർ എന്ന പുണ്യ നഗരത്തെ ‘തടങ്കൽ, നാടുകടത്തൽ’ കേന്ദ്രമാക്കിമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ പൂജനീയമായ ഭൂമിയിൽ വീണ്ടും വിമാനമിറക്കാനുള്ള തീരുമാനത്തിലൂടെ മോദി സർക്കാർ വൃത്തികെട്ട ദുശ്ശാഠ്യം കാണിക്കുകയാണ്. പഞ്ചാബിനെയും പഞ്ചാബികളെയും മോശക്കാരാക്കാനുള്ള നീക്കമാണിത്.’’ – ഭഗവന്ത് മാൻ തുറന്നടിച്ചു.
‘‘വത്തിക്കാൻ നഗരത്തിലേക്ക് ഇത്തരമൊരു കാര്യം ചെയ്യാൻ ആരെങ്കിലും തയാറാകുമോയെന്നു ഞാൻ കേന്ദ്ര സർക്കാരിനോടു ചോദിക്കുകയാണ്. വീണ്ടും വീണ്ടും വിമാനങ്ങളിറക്കാൻ അനുവദിക്കുന്നതുവഴി എന്തിനാണ് പഞ്ചാബികളുടെ വികാരത്തെ വേദനിപ്പിക്കുന്നത്. ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ എന്തുകൊണ്ട് ഈ വിഷയം പ്രധാനമന്ത്രി ഉന്നയിച്ചില്ല? രാജ്യത്ത് നൂറുകണക്കിനു വിമാനത്താവളങ്ങൾ ഉണ്ട്. എന്നാൽ അമൃത്സർ തിരഞ്ഞെടുത്തതുവഴി പഞ്ചാബിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് നീക്കം’’ – ഭഗവന്ത് മാൻ പറഞ്ഞു.
‘മനുഷ്യക്കടത്ത് തടഞ്ഞില്ല’മനുഷ്യക്കടത്ത് തടയുന്നതിൽ പഞ്ചാബിലെ എഎപി സർക്കാർ വിമുഖ കാണിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ വിമർശനം. കഴിഞ്ഞ മൂന്നുവർഷമായി പഞ്ചാബികളുടെ മനുഷ്യക്കടത്തു തടയാൻ സാധിക്കാതിരുന്നതു മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ പരാജയമാണെന്നു മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ പ്രതാപ് സിങ് ബജ്‌വ ആരോപിച്ചു. ‘‘പഞ്ചാബ് പ്രിവെൻഷൻ ഓഫ് ഹ്യൂമൻ സ്മഗ്ലിങ് ആക്ട്, 2012 പ്രകാരം ട്രാവൽ ഏജന്റുമാരെ കൃത്യമായി പരിശോധിക്കുകയും അനധികൃതമായി കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നുണ്ടോയെന്നു പരിശോധിക്കുകയും വേണം. എന്നാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി, ഈ നിയമം അനുസരിച്ച് എത്ര ഏജന്റുമാർക്കെതിരെ കേസെടുത്തുവെന്നു വ്യക്തമാക്കാമോ? അനധികൃത കുടിയേറ്റം പഞ്ചാബിന്റെ മാത്രം കാര്യമല്ലെന്നു മുഖ്യമന്ത്രി പറയുന്നു. എന്നാൽ സ്വന്തം സംസ്ഥാനത്തു നടക്കുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനില്ലേ? ‘ബ്രെയിൻ ഡ്രെയിൻ’ പോലുള്ള ഇത്തരം നീക്കങ്ങൾ ഇല്ലാതാക്കുമെന്നു വാഗ്ദാനം നൽകി അധികാരത്തിൽ കയറിയവരാണിവർ’’ – ബജ്‌വ പറഞ്ഞു.
‘രാഷ്ട്രീയക്കളി’ഭഗവന്ത് മാനിന്റെ രാഷ്ട്രീയക്കളിയാണിതെല്ലാം എന്ന നിലപാടാണ് ബിജെപിയുടേത്. വിഷയം ഭഗവന്ത് രാഷ്ട്രീയവത്കരിക്കുകയാണെന്ന് പഞ്ചാബ് ബിജെപിയുടെ ഉപാധ്യക്ഷൻ ഫത്തേജുങ് സിങ് ബജ്‌വ പറഞ്ഞു. ‘‘സ്വന്തം സംസ്ഥാനത്തെ മുഖ്യമന്ത്രി വിലകുറച്ചുകാണുകയാണ്. പ്രസ്താവനകൾക്കുപകരം ഇത്തരം അനധികൃത കുടിയേറ്റത്തെ സഹായിച്ചവരെയും മറ്റും നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് വേണ്ടത്’’ – അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യാജ ഏജന്റുമാർക്കെതിരെ നടപടിയെടുക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവും പറഞ്ഞു.
English Summary:
Amritsar deportation controversy erupts after 116 deportees arrive from the US, sparking accusations of a political conspiracy. Chief Minister Bhagwant Mann criticizes the central government’s decision, while opposition parties allege inaction on human trafficking.
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
1ic9etavod7l3ggjtm1j6a1nhi 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-punjab mo-news-national-states-punjab-amritsar mo-politics-parties-congress mo-politics-parties-aap
Source link