INDIALATEST NEWS

‘റെയിൽവേയുടെ പരാജയം, കേന്ദ്രത്തിന്റെ കെടുകാര്യസ്ഥത; കൃത്യമായ കണക്ക് പുറത്തുവിടണം’


ന്യൂഡൽഹി ∙ ഇന്നലെ രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലുംതിരക്കിലും പെട്ട് 18 പേർ മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും റെയിൽവേയെയും വിമർശിച്ച് കോൺഗ്രസ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി എന്നിവരാണു വിമർശിച്ചത്.‘‘ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തം അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. റെയിൽവേയുടെ പരാജയവും കേന്ദ്ര സർക്കാരിന്റെ നിർവികാരതയും എടുത്തുകാണിക്കുന്നതാണ് ഈ അപകടം. പ്രയാഗ്‌രാജിലേക്കു പോകുന്ന ഭക്തരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, സ്റ്റേഷനിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അശ്രദ്ധയും കാരണം ആർക്കും ജീവൻ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം’’– രാഹുൽ പറഞ്ഞു.രാഹുലിന്റെ ആശങ്കകൾ പങ്കുവച്ച പ്രിയങ്ക ഗാന്ധി, ദുരന്തം അങ്ങേയറ്റം ദുഃഖകരമാണെന്നു പറഞ്ഞു. സർക്കാർ നടപടികളിൽ സുതാര്യതയും ഉത്തരവാദിത്തവും വേണമെന്നു മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കു വേഗം പുറത്തുവിടണം. പരുക്കേറ്റവർ‌ക്കു ചികിത്സ നൽകുന്നതിനും മരിച്ചവരുടെ കുടുംബങ്ങൾക്കു ആശ്വാസം പകരുന്നതിനുമാകണം മുൻഗണന എന്നും ഖർഗെ എക്സിൽ കുറിച്ചു.‘‘കേന്ദ്രം നേരിട്ടു നിരീക്ഷിക്കുന്ന രാജ്യതലസ്ഥാനത്തെ ദുരന്തം സർക്കാരിന്റെ കഴിവുകേടാണ്. സർക്കാർ വീണ്ടും സ്ഥിതിഗതികൾ കുറച്ചുകാണാനാണു ശ്രമിച്ചത്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ കണക്കുകൾ എപ്പോൾ അറിയാനാകും? മഹാാകുംഭമേളയുടെ പശ്ചാത്തലത്തിൽ ഇത്രയും തിരക്കിനു സാധ്യതയുണ്ടായിട്ടും എന്തുകൊണ്ടാണു പ്രത്യേക ട്രെയിനുകൾ ഓടിക്കാതിരുന്നത്?’’– കെ.സി.വേണുഗോപാൽ ചോദിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്നു മുൻ റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button