തൊണ്ടവേദന, ചുമ, ശ്വാസംമുട്ടൽ; കുട്ടികളിൽ ‘വാക്കിങ് ന്യുമോണിയ’ പടരുന്നു, ഭയക്കേണ്ടതുണ്ടോ?

വാക്കിങ് ന്യുമോണിയ ആണ് മാതാപിതാക്കളുടെ നിലവിലെ ആശങ്ക. ഭയപ്പെടാനുണ്ടോ, സാധാരണ രോഗം തന്നെയാണോ, ചികിത്സിച്ചാൽ മാറുമോ തുടങ്ങിയ പല സംശയങ്ങളും ഇവരെ അലട്ടുന്നു. രോഗത്തിന്റെ പേര് കേട്ടയുടൻ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്താണ് ന്യുമോണിയ എന്നാണ് ആദ്യം അറിയേണ്ടത്. അണുജീവികൾ മൂലം ശ്വാസകോശ കലകൾക്കുണ്ടാകുന്ന നീർക്കെട്ടാണ് ന്യുമോണിയ. സാധാരണ ന്യുമോണിയ ഉണ്ടാക്കുന്ന ന്യൂമോകോക്കൈ പോലെയുള്ള അണുജീവികൾ ശ്വാസകോശത്തിന്റെ ഒരു പാളിയെയോ ഒന്നിലധികം പാളികളെയോ പൂർണമായിട്ടോ ബാധിച്ച് നീർക്കെട്ട് ഉണ്ടാക്കുന്ന രീതിയാണ് കണ്ടു വരുന്നത്. എന്നാൽ വാക്കിങ് ന്യൂമോണിയ ഉണ്ടാക്കുന്നത് മറ്റു ചില അണുജീവികളാണ്. മറ്റു ന്യൂമോണിയകളെ അപേക്ഷിച്ച് ഇതിന് ലക്ഷണങ്ങൾ പൊതുവേ കുറവായിരിക്കും. അതുകൊണ്ട് ആളുകൾക്ക് നടക്കാനും അവരുടേതായ ജോലികൾ ചെയ്യാനും കഴിയും. അതുകൊണ്ടാണ് ഇതിനെ വാക്കിങ് ന്യുമോണിയ എന്നു വിളിക്കുന്നത്. ശാസ്ത്രമേഖലയിൽ ഈ വാക്ക് ഇപ്പോൾ അധികമായി ഉപയോഗിക്കാറില്ല.സാധാരണ ഇത് കുട്ടികളിലാണ് കൂടുതൽ കാണപ്പെടുന്നത്. മൈക്കോപ്ലാസ്മ എന്ന അണുജീവിയാണ് സാധാരണഗതിയിൽ പ്രധാന കാരണമാകുന്നത്. ക്ലമഡിയ, റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ്,അഡിനോ വൈറസ് എന്നിവ കാരണവും വാക്കിങ് ന്യുമോണിയ ഉണ്ടാകാം. രോഗലക്ഷണങ്ങൾ പുറത്തു കാണിക്കാൻ വൈകും. വലിയ തീവ്രമായ രോഗലക്ഷണങ്ങൾ ആയിരിക്കില്ല എന്നതാണ് സാധാരണ ന്യുമോണിയയിൽ നിന്നും വാക്കിങ് ന്യുമോണിയയെ വ്യത്യസ്തമാക്കുന്നത്. പനി, ശരീരക്ഷീണം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ചെറിയ രീതിയിൽ പ്രത്യക്ഷപ്പെടാം. ഇതു പൊതുവെ വലിയ കുഴപ്പമുണ്ടാക്കാറില്ല. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ പ്രായക്കാർ ഒരുമിച്ചു താമസിക്കുന്ന ഹോസ്റ്റലുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഇത്തരം ന്യുമോണിയകൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
Source link