KERALAM

പകുതിവില തട്ടിപ്പ്: ക്രൈംബ്രാഞ്ച് പരിശോധനകൾ തുടരുന്നു

കൊച്ചി: കോടികളുടെ പകുതിവില തട്ടിപ്പിൽ പരിശോധനകൾ തുടർന്ന് ക്രൈംബ്രാഞ്ച്. മുഖ്യപ്രതി അനന്തുകൃഷ്ണന്റെ കടവന്ത്രയിലെ ‘സോഷ്യൽ ബീ വെഞ്ചേഴ്‌സ്’ എന്ന സ്ഥാപനത്തിലടക്കം ഇന്നലെയും പരിശോധനകൾ നടന്നു. ഈ കടലാസുകമ്പനി വഴി മാത്രം 200 കോടി രൂപ ഇയാളുടെ കൈയിൽ എത്തിയെന്നാണ് സൂചന.

സ്ഥാപനത്തിലെ ഫയലുകളും കമ്പ്യൂട്ടറുകളിലെ വിവരങ്ങളും സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലുള്ളവർ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. രാവിലെ ജില്ലയിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന വൈകിട്ടുവരെ നീണ്ടു. തട്ടിപ്പിന്റെ കേന്ദ്രബിന്ദുവായ എ.ജി.ഒ കോൺഫെഡറേഷൻ ‘കറക്കുകമ്പനി”യായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിന്റെ ആജീവനാന്ത ചെയർമാനായിരുന്നു കെ.എൻ ആനന്തകുമാർ. ആനന്ദകുമാറിനും തട്ടിപ്പിൽ പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ മൂവാറ്റുപുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാളെ പരിഗണിക്കും. അതിനുശേഷം അയാളുടെ മറ്റ് സ്ഥാപനങ്ങളിൽ പരിശോധന നടത്താനാണ് നീക്കം.


Source link

Related Articles

Back to top button