തോമസ് കെ. തോമസിനെ വിമർശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി

ആലപ്പുഴ: കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കെ കുട്ടനാട് എം.എൽ.എ തോമസ്.കെ .തോമസിന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ വിമർശനം. മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ എം.എൽ.എ മതിയായ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് കുറ്റപ്പെടുത്തൽ. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നാസർ. എൻ.സി.പിയിലെ തർക്കം കുട്ടനാട് വികസനത്തെ ബാധിക്കുന്നു. തർക്കം നിറുത്തി വികസനത്തിൽ ശ്രദ്ധിക്കണം. കുടിവെള്ള പദ്ധതികൾ, അടിസ്ഥാന സൗകര്യവികസനം, നെൽകർഷകരുടെ പ്രശ്നങ്ങൾ തുടങ്ങി മണ്ഡലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾക്ക് എം.എൽ.എയുടെ യഥാവിധമുള്ള പിന്തുണയില്ല.
ജില്ലയിൽ സർക്കാർ ഏറ്റവും കൂടുതൽ വികസനം കൊണ്ടുവന്നത് കുട്ടനാട്ടിലാണ്. എന്നാൽ വികസനം ഏകോപിപ്പിക്കാൻ തോമസിന് പറ്റിയില്ല. കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കുമോ എന്നതിൽ എൻ.സി.പിയിലെ തർക്കം കഴിഞ്ഞ് തീരുമാനിക്കുമെന്നും നാസർ പറഞ്ഞു.
എൻ.സി.പി അദ്ധ്യക്ഷ പദവിയിലേക്ക് തോമസ് കെ. തോമസിനെ പരിഗണിക്കാനിടയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എം.എൽ.എയുടെ കഴിവില്ലായ്മയ്ക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറിയുടെ വിമർശനമുണ്ടായത്.
Source link