ഇന്ത്യ–യുഎസ് പ്രതിരോധ സഹകരണം: കൂടുതലും പ്രഖ്യാപനങ്ങൾ; പി–8ഐ വിമാനം മാത്രം ഉറപ്പ്

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിൽ പ്രതിരോധരംഗത്തെ സഹകരണം സംബന്ധിച്ച് ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും സൈനികസാമഗ്രികൾ വാങ്ങുന്നതോ സാങ്കേതികവിദ്യ കൈമാറുന്നതോ സംബന്ധിച്ച വാണിജ്യഇടപാടുകൾ കാര്യമായി ഉണ്ടായില്ല. നാവികസേന ഇപ്പോൾ തന്നെ ഉപയോഗിക്കുന്ന പി–8ഐ എന്ന നിരീക്ഷണ വിമാനങ്ങൾ ആറെണ്ണം കൂടി വാങ്ങുന്നതാണ് ഉറപ്പായ ഇടപാട്. ജാവലിൻ, സ്ട്രൈക്കർ മിസൈലുകൾ വാങ്ങുന്നതു സംബന്ധിച്ച ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുമെന്നാണു മറ്റൊന്ന്. ബാക്കിയുള്ളവയിൽ സഹകരണം മുന്നോട്ടുകൊണ്ടുപോകുമെന്നല്ലാതെ വ്യക്തമായ വാണിജ്യ ഇടപാടുകൾ നടന്നതായി സൂചനയില്ല.ആറാം തലമുറ പോർവിമാനമായി വാഴ്ത്തപ്പെടുന്ന എഫ്–35 സംബന്ധിച്ച പ്രഖ്യാപനങ്ങൾ, അതിൽ ഇന്ത്യയ്ക്കുള്ള താൽപര്യം പ്രകടിപ്പിക്കുക മാത്രമാണ്. നിരീക്ഷണവിമാനങ്ങളിൽനിന്നു വ്യത്യസ്തമായി പോർവിമാനങ്ങൾ അൻപതും നൂറും കണക്കിലാണ് ആവശ്യമെന്നതിനാൽ അവയുടെ സാങ്കേതികവിദ്യയും കഴിയുമെങ്കിൽ ഇന്ത്യയിൽ അവ നിർമിക്കാനുള്ള ലൈസൻസും ഇന്ത്യ ആവശ്യപ്പെടാറുണ്ട്. അവ കൈമാറാൻ യുഎസ് തയാറാകാത്തതുകൊണ്ടാണ് ഇന്ത്യ ഇതുവരെ വാങ്ങാത്തത്. എഫ്–35–ന്റെ കാര്യത്തിലും നയംമാറ്റമുണ്ടെന്നു സൂചനയില്ല. രണ്ടു പതിറ്റാണ്ടു മുൻപ് വിഖ്യാതമായ എഫ്–16, എഫ്–18 പോർവിമാനങ്ങൾ നൽകാൻ യുഎസ് തയാറായിട്ടും ഇന്ത്യ അതു നിരാകരിച്ച് 10 കൊല്ലം മുൻപു ഫ്രാൻസിന്റെ റഫാൽ വാങ്ങിയതിന് ഒരു കാരണം ഇതുതന്നെ. നിർമാണ ലൈസൻസ് ലഭിച്ചില്ലെങ്കിലും വിമാനത്തിന്റെ പല സാങ്കേതികവിദ്യകളും കൈമാറാൻ ഫ്രാൻസ് തയാറായി. ഇക്കൊല്ലം ഒപ്പിടാനുള്ള യുഎസ്–ഇന്ത്യ പ്രതിരോധ സഹകരണം സംബന്ധിച്ച പ്രഖ്യാപനമാണ് മറ്റൊന്ന്. നിലവിലുള്ള സഹകരണധാരണ പുതുക്കുക മാത്രമാണിത്. മോദി തിരിച്ചെത്തി ന്യൂഡൽഹി ∙ യുഎസ്, ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ പാലം വിമാനത്താവളത്തിലാണ് ഇറങ്ങിയത്. യുഎസ് തീരുവ യുദ്ധം ഇന്ത്യയെ ബാധിച്ചേക്കില്ല ന്യൂഡൽഹി ∙ പകരത്തിനു പകരം തീരുവ ഏർപ്പെടുത്താനുള്ള യുഎസ് നീക്കം ഇന്ത്യയ്ക്കു കാര്യമായ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയില്ലെന്നു വിദഗ്ധരുടെ വിലയിരുത്തൽ. ഇരുരാജ്യങ്ങളും പരസ്പരം കയറ്റിയയ്ക്കുന്ന ഇനങ്ങളിലെ അന്തരമാണ് ഇതിനു കാരണമെന്ന് ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റീവ് (ജിടിആർഐ) ചൂണ്ടിക്കാട്ടി. ഇന്ത്യയിലെത്തുന്ന യുഎസ് ഉൽപന്നങ്ങളിൽ 75 ശതമാനത്തിന്റെയും ശരാശരി തീരുവ 5 ശതമാനത്തിനു താഴെയാണ്. അതേസമയം, ഇന്ത്യ യുഎസിലേക്ക് കയറ്റിയയ്ക്കുന്ന തുണിത്തരങ്ങൾ, ചെരിപ്പുകൾ തുടങ്ങിയവയ്ക്ക് 15– 35% തീരുവ യുഎസ് ചുമത്തുന്നുണ്ട്. ഏപ്രിലിൽ നടപ്പാക്കാൻ പോകുന്ന യുഎസ് തീരുമാനം എങ്ങനെ ഇന്ത്യയെ ബാധിക്കുമെന്നു വിലയിരുത്തിയ ശേഷം നടപടിയെടുക്കുന്നതാവും ഉചിതമെന്ന് ജിടിആർഐ ചൂണ്ടിക്കാട്ടി.
Source link