KERALAM

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുടർന്നേക്കും, പ്രഖ്യാപനം നാളെ എന്ന് സൂചന

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനെ നാളെ പ്രഖ്യാപിച്ചേക്കും.നിലവിലെ അദ്ധ്യക്ഷൻ കെ. സുരേന്ദ്രനുതന്നെയാണ് മുൻതൂക്കം.പുതിയൊരാൾ വരട്ടെയെന്ന് കേന്ദ്ര നേതൃത്വം നിലപാടെടുത്താൽ, രാജീവ് ചന്ദ്രശേഖറിനെയോ, എം.ടി.രമേശിനേയോ പരിഗണിച്ചേക്കും.

ഈ വർഷം അവസാനം നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പും അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽകണ്ടായിരിക്കും നേതാവിനെ നിശ്ചയിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയത് സുരേന്ദ്രന്റെ സംഘടനാ മികവായി കേന്ദ്ര നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.

സുരേന്ദ്രനെതിരെ കേരളത്തിൽ നിന്നു വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, പാർട്ടിക്കുള്ളിലെ വ്യക്തിതാൽപര്യങ്ങളും ഗ്രൂപ്പ് സമീപനങ്ങളും ഒഴിവാക്കി സംഘടനാസംവിധാനം ചലിപ്പിക്കാൻ അദ്ദേഹത്തിനായെന്നാണ് കേന്ദ്ര നേതാക്കൾ കരുതുന്നത്.

അതേസമയം, സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അഞ്ച് വർഷം പ്രവർത്തിച്ചതിനാൽ, സാങ്കേതികമായി രണ്ടു ടേം പൂർത്തിയാക്കിയെന്നാണ് മാറ്റം ആവശ്യപ്പെടുന്നവർ ചൂണ്ടിക്കാട്ടുന്നത്. കീഴ്വഴക്കം അനുസരിച്ച് തുടർച്ചയായി രണ്ടുടേമിൽ കൂടുതൽ പദവിയിൽ തുടരാൻ കഴിയില്ല.

എന്നാൽ, രണ്ടുവർഷം താൽക്കാലിക ചുമതലയും മൂന്ന് വർഷം സ്ഥിരം ചുമതലയും ആയിരുന്നതിനാൽ രണ്ടു ടേം ആയിട്ടില്ലെന്നാണ് സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി വ്യക്തമാക്കിയത്. ഈ നിലപാട് സുരേന്ദ്രന് അനുകൂലമാണ്.

സുരേന്ദ്രൻ മാറേണ്ടിവരികയാണെങ്കിൽ, എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ കഴിയുന്ന വ്യക്തി വേണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വവും ആർ.എസ്.എസും. ആ നിലയിലാണ് രാജീവ് ചന്ദ്രശേഖറിനെയും എം.ടി.രമേശിനെയും പരിഗണിക്കുന്നതെന്ന് സൂചന. എന്നാൽ ഇരുവർക്കും താഴെതട്ടിലെ പ്രവർത്തകരുമായി അടുപ്പം കുറവാണെന്നതാണ് ന്യൂനത. രാജീവ് ചന്ദ്രശേഖർ കേരളത്തിൽ പ്രവർത്തിച്ചുപരിചയമുള്ളയാളല്ല. എം.ടി.രമേശ് ബൗദ്ധികതലത്തിൽ പ്രവർത്തിക്കുന്നയാളാണ്.

.സംസ്ഥാനത്ത് സംഘടനാ തിരഞ്ഞെടുപ്പ് ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. നിയോജകമണ്ഡലം,ജില്ലാ അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. മാർച്ച് 15നകം എല്ലാ ഘടകങ്ങളിലും പുതിയ അദ്ധ്യക്ഷൻമാർ ചുമതലയേൽക്കും.അതിനുശേഷം തദ്ദേശ തിരഞ്ഞടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.


Source link

Related Articles

Back to top button