INDIALATEST NEWS

യുഎസ് തിരിച്ചയച്ച 119 ഇന്ത്യക്കാരുമായി വിമാനം അമൃത്‌സറിൽ എത്തി; സ്വീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും


ന്യൂഡല്‍ഹി ∙ അനധികൃത കുടിയേറ്റക്കാരെന്ന് യുഎസ് കണ്ടെത്തിയ 119 ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്‌സറിൽ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ ഇവരെ സ്വീകരിക്കാൻ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. വിമാനമിറക്കാൻ അമൃത്‌സർ തിരഞ്ഞെടുത്തതിലെ വിവാദങ്ങൾക്കിടെയാണ് ഇരുനേതാക്കളും വിമാനത്താവളത്തിൽ എത്തിയത്.പഞ്ചാബില്‍ നിന്നുള്ള 67 പേരാണ് പുതിയ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഹരിയാനയില്‍ നിന്ന് 33 പേരും ഗുജറാത്തിൽ നിന്ന് 8 പേരുമുണ്ട്. ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (2), ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോ വ്യക്തികൾ എന്നിവരാണ് പുതിയ സംഘത്തിലുള്ളത്. മെക്‌സിക്കോ അതിര്‍ത്തിയിലൂടെയും മറ്റു പാതകള്‍ വഴിയും അനധികൃതമായി യുഎസിലേക്ക് കുടിയേറിയവരാണ് ഇവരെന്നും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്ലായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഫെബ്രുവരി അഞ്ചിനാണ് 104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഇന്ത്യയിൽ തിരിച്ചെത്തിച്ചത്. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തില്‍ വലിയ വിവാദം ഉയർന്നിരുന്നു. പാർലമെന്റിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ രണ്ടാമത്തെ സംഘം നാട്ടിലെത്തിയത്.


Source link

Related Articles

Back to top button