വാൾ, കിരീടം, അരപ്പട്ട; മൊത്തം 27.558 കിലോ സ്വർണം; ജയലളിതയുടെ സ്വത്തുക്കൾ കൈമാറി

ബെംഗളൂരു ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ.ജയലളിതയിൽനിന്നു പിടിച്ചെടുത്ത സ്വത്തുക്കൾ ഔദ്യോഗികമായി തമിഴ്നാട് സർക്കാരിനു കർണാടക കൈമാറി. ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടർന്നാണു നടപടി. സ്വർണവാൾ, സ്വർണക്കിരീടം, മയിലിന്റെ രൂപങ്ങൾ കൊത്തിയ സ്വർണ അരപ്പട്ട ഉൾപ്പെടെയുള്ള ആഡംബര വസ്തുക്കളും കൂട്ടത്തിലുണ്ട്.27.558 കിലോ ഗ്രാം സ്വർണാഭരണങ്ങൾ, 1116 കിലോഗ്രാം വെള്ളി, 1526 ഏക്കർ ഭൂമിയുടെ രേഖകൾ തുടങ്ങിയവയാണു കർണാടക വിധാൻ സൗധ ട്രഷറിയിൽ സൂക്ഷിച്ചിരുന്നത്. കോടതിയുടെയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. ചിത്രങ്ങൾ എടുത്ത ശേഷമാണു നിധിശേഖരം നൽകിയത്. അലങ്കാരപ്പണികളുള്ള സ്വർണക്കിരീടം, കൊത്തുപണികളുള്ള വലിയ സ്വർണവാൾ, ചുവന്ന വെൽവെറ്റ് പെട്ടിയിൽ ഒട്ടിച്ചിട്ടുള്ള സ്വർണശിൽപം തുടങ്ങിയവ ജയലളിതയുടെ നിധിശേഖരത്തിലെ അപൂർവ സ്വത്തുക്കളാണ്.ഇതുകൂടാതെ വജ്രങ്ങൾ, 11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവയും കൈമാറി. 1996ൽ ചെന്നൈ പോയസ് ഗാർഡനിലെ വസതി റെയ്ഡ് ചെയ്താണ് ഇവയെല്ലാം പിടിച്ചെടുത്തത്. സ്വത്തിൽ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ.ദീപ, ജെ.ദീപക്ക് എന്നിവരുടെ വാദം കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണു തമിഴ്നാട് പൊലീസ് പിടിച്ചെടുത്ത സ്വത്ത് കർണാടക സർക്കാരിന്റെ കസ്റ്റഡിയിലായത്.
Source link