ഓട്ടോ ഡ്രൈവറുമായി തർക്കം, പരസ്പരം തല്ലി; കുഴഞ്ഞുവീണ് മുൻ എംഎൽഎ മരിച്ചു

ബെംഗളൂരു ∙ ഓട്ടോ ഡ്രൈവറുമായുള്ള തർക്കത്തിനു പിന്നാലെ ഗോവ മുൻ എംഎൽഎ ലാവൂ മംലെദാർ കുഴഞ്ഞുവീണു മരിച്ചു. കർണാടകയിലെ ബെളഗാവിയിലാണു സംഭവം. ഓട്ടോ ഡ്രൈവറുമായുള്ള തർക്കത്തിനു പിന്നാലെ ലോഡ്ജിലേക്കു പോകുമ്പോഴാണു മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് മരിച്ചത്. മരണകാരണം ഇപ്പോൾ വ്യക്തമല്ലെന്നും ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.ശനിയാഴ്ച ഉച്ചയ്ക്ക് 1.40ഓടെ ശ്രീനിവാസ് ലോഡ്ജിനു സമീപം ലാവൂ മംലെദാറിന്റെ വാഹനം ഓട്ടോയിൽ ഇടിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. മംലെദാറും ഡ്രൈവറും വഴക്കിടുന്നതു സിസിടിവി ദൃശ്യങ്ങളിൽ കാണാം. മംലെദാർ ഡ്രൈവറെ തല്ലിയതോടെ സംഘർഷം രൂക്ഷമായി. ഡ്രൈവർ തിരിച്ച് മംലെദാറിനെയും തല്ലി. ഓടിക്കൂടിയ ആളുകൾ ഇടപെട്ട് ഡ്രൈവറെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ വീണ്ടും മംലെദാറിനെ മർദിച്ചു.കൂടുതൽ ആളുകൾ ഇടപെട്ടു രംഗം ശാന്തമാക്കിയപ്പോൾ മാംലെദാർ ലോഡ്ജിനുള്ളിലേക്കു പോയി. പടികൾ കയറുമ്പോൾ മാംലെദാർ പെട്ടെന്നു കുഴഞ്ഞുവീഴുന്നതാണു ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. അദ്ദേഹത്തെ ഉടനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 2012 മുതൽ 2017 വരെ ഗോവയിലെ പോണ്ട നിയോജക മണ്ഡലത്തെയാണു മംലെദാർ പ്രതിനിധീകരിച്ചത്.
Source link