വയനാടിന് കേന്ദ്രസഹായം 529 കോടി വായ്പ, 50 വർഷത്തെ പലിശയില്ലാ തിരിച്ചടവ്, മാർച്ച് 31ന് മുമ്പ് ഉപയോഗിക്കണം

പി.എച്ച്. സനൽകുമാർ | Saturday 15 February, 2025 | 4:59 AM
തിരുവനന്തപുരം:വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ,ചുരൽമല മേഖലകളുടെ പുനർനിർമ്മാണത്തിന് സഹായമായി 529.50 കോടി രൂപയുടെ കാപ്പക്സ് വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ. 50വർഷത്തെ പലിശരഹിത തിരിച്ചടവായാണിത്
വയനാട് ദുരന്തം തീവ്രപ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനർനിർമാണത്തിനായി 2000 കോടിയുടെ പ്രത്യേക പദ്ധതി സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്.ഇതിൽ കേന്ദ്ര തീരുമാനം അനന്തമായി വൈകിയതോടെ പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലെത്തി. ഈ സാഹചര്യത്തിലാണ് വായ്പ അനുവദിച്ചതായി ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു അറിയിപ്പു ലഭിച്ചത്.
16പദ്ധതികൾക്കായി പ്രത്യേകമായാണ് സഹായം അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതികളിൽ നിന്നു ഫണ്ട് വക മാറ്റി ചെലവഴിച്ചാൽ വായ്പ വെട്ടിച്ചുരുക്കും .ആവർത്തന പദ്ധതികൾ പാടില്ല. 2024-25 സാമ്പത്തിക വർഷത്തേയ്ക്കാണ് വായ്പ, ഇത് മാർച്ച് 31നകം വിനിയോഗിച്ച് യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വ്യവസ്ഥ.
സംസ്ഥാനത്തിന് വൻ കുരുക്ക്
മാർച്ച് 31ന് മുൻപായി പദ്ധതികളുടെ നിർമ്മാണം പൂർത്തിയാക്കി റീഇംപേഴ്സ്‌മെന്റിന് സമർപ്പിക്കേണ്ടി വരുമോ എന്നത് വൻകുരുക്കായാണ് സംസ്ഥാനം കാണുന്നത്. മാത്രമല്ല വായ്പ പുനർനിർമാണത്തിന് എത്രമാത്രം സഹായകരമാകുമെന്നതിൽ ആശങ്കയുമുണ്ട്.മാത്രമല്ല വായ്പ നൽകിയ സാഹചര്യത്തിൽ ഇനി വേറെ ഗ്രാന്റുകൾ വയനാടിന് കേന്ദ്രത്തിൽ നിന്ന് കിട്ടുമോയെന്നും വ്യക്തമല്ല.ഇക്കാര്യത്തിൽ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാനം. സംസ്ഥാനങ്ങൾക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വർഷത്തേക്കു നൽകുന്ന വായ്പാ പദ്ധതിയാണ് കാപ്പക്സ്.
പദ്ധതികളും അനുവദിച്ച
തുകയും
*നെടുമ്പാല,എൽസ്റ്റോൺ എസ്‌റ്റേറ്റുകളിലെ ടൗൺഷിപ്പിൽ പുനരധിവാസത്തിന്
പൊതു കെട്ടിടങ്ങളുടെ നിർമ്മാണം -111.32കോടി
*ടൗൺഷിപ്പിലെ റോഡ് നിർമ്മാണം- 87.24കോടി
*പുന്നപ്പുഴ നദിയിൽ 8കി.മീ ഭാഗത്ത് ഒഴുക്ക് ക്രമീകരിക്കൽ- 65കോടി
*ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷൻ- 21കോടി
*മുട്ടിൽ മേപ്പാടി റോഡ് നവീകരണം- 60കോടി
*ചുരൽമല പാലം നിർമ്മാണം- 38കോടി
*വെള്ളാർമല,മുണ്ടക്കൈ സ്‌കൂളുകളുടെ പുനർനിർമ്മാണം- 12കോടി
*രോഗബാധിതർക്കുള്ള കെട്ടിടനിർമ്മാണം- 15കോടി
*എൽസ്റ്റോൺ ടൗൺഷിപ്പിൽ 110കെവി സബ് സ്‌റ്റേഷൻ- 13.50കോടി
*കാരപ്പുഴ ജലശുദ്ധീകരണ പ്ലാന്റ് -22.50കോടി
*അപ്രോച്ച് റോഡുകൾ ഉൾപ്പെടെ 6ഹെലിപ്പാഡുകളുടെ നിർമ്മാണം- 9കോടി
*കൽപ്പറ്റ സിവിൽ സ്‌റ്റേഷനിൽ ഡിഡിഎംഎ കോംപ്ലക്സ് ഉൾപ്പെടെ ഡി ബ്ലോക്ക്
നിർമ്മാണം- 30കോടി
*ജില്ലയിൽ വിവിധോദ്ദേശ്യ ഷെൽറ്ററുകളുടെ നിർമ്മാണം- 28കോടി
*ചൂരൽമല-അട്ടമല റോഡ്- 9കോടി
*പുഞ്ചിരിമട്ടം-വനറാണി പാലവും അപ്രോച്ച് റോഡും- 7കോടി
*ജിഎൽപിഎസ് എട്ടാം നമ്പർ പാലവും അപ്രോച്ച് റോഡും- 7കോടി
‘സംസ്ഥാനം ചോദിച്ചത് ഗ്രാന്റും വായ്പയെടുക്കാനുള്ള അനുമതികളും.സർക്കാർ ഇപ്പോൾ നൽകിയത് ഉപാധികളും വ്യവസ്ഥകളുമുള്ള വായ്പാ സഹായമാണ്.ഇത് സ്വീകരിക്കുന്നതിനൊപ്പം ഗ്രാൻഡ് കിട്ടാനുള്ള ശ്രമം തുടരും.”
-കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി
Source link