കളിപ്പാവ തെരയുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണെന്ന് സംശയം, അഞ്ച് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നേമത്ത് വീടിനോട് ചേർന്നുളള മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. സുമേഷ്- ആര്യ ദമ്പതികളുടെ മകൻ ദ്രുവനാണ് മരിച്ചത്. കിണറ്റിൽ കളിപ്പാവ തെരയുന്നതിനിടെ കുട്ടി കാൽവഴതി വീണതാകാമെന്നാണ് സംശയിക്കുന്നത്. ദ്രുവന് സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
ദ്രുവനെ കാണാത്തതിനെ തുടർന്ന് അമ്മ നടത്തിയ തെരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ നഴ്‌സറിയിൽ നിന്നെത്തിയ കുട്ടി വീട്ടുമുറ്റത്ത് രണ്ടുവയസുള്ള സഹോദരി ദ്രുവികയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടി കിണറിന് സമീപത്തേക്ക് പോയത്. പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ സുമേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മ തുണികൾ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ആര്യ തിരികെ എത്തിയപ്പോഴാണ് ദ്രുവനെ കാണാനില്ലെന്ന് മനസിലായത്.
തുടർന്ന് സംശയം തോന്നിയാണ് കിണറ്റിൽ പരിശോധന നടത്തിയത്. ഒരു മണിക്കൂറോളം കുട്ടി കിണറ്റിൽ കിടന്നിരുന്നു. ഒടുവിൽ അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദ്രുവൻ വീടിന് സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിൽ ദ്രുവന്റെ പാവക്കുട്ടിയും കിട്ടി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Source link