INDIALATEST NEWS

‘പഞ്ചാബിനെ അപമാനിക്കാൻ ശ്രമം, രാജ്യതലസ്ഥാനത്ത് എന്തുകൊണ്ട് വിമാനം ഇറക്കിയില്ല?’; വിദേശകാര്യ മന്ത്രാലയത്തിനു കത്ത്


ഛണ്ഡിഗഡ് ∙ യുഎസിൽ നിന്നും അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനാണ് അദ്ദേഹം കത്തയച്ചത്. പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നു ഭഗവന്ത് സിങ് മാൻ ആരോപിച്ചു. ‘‘അനധികൃത കുടിയേറ്റക്കാരുമായി എത്തിയ ആദ്യത്തെ വിമാനത്തില്‍ ഹരിയാനയിൽ നിന്നും ഗുജറാത്തില്‍നിന്നുമുള്ള 33 പേരും പഞ്ചാബില്‍നിന്നുള്ള 30 പേരും ഉണ്ടായിരുന്നു. എന്നാല്‍, വിമാനം ഇറങ്ങിയത് അമൃത്സറിലാണ്. ഇപ്പോള്‍ രണ്ടാമത്തെ വിമാനവും ഇവിടെ ഇറങ്ങുന്നു. എന്തുകൊണ്ട് ? എന്തിന്റെ അടിസ്ഥാനത്തിലാണ് അമൃത്സറിനെ തിരഞ്ഞെടുത്തത് ? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ല’’ – ഭഗവന്ത് സിങ് മാൻ ചോദിച്ചു. പഞ്ചാബികള്‍ മാത്രമാണ് അനധികൃത കുടിയേറ്റം നടത്തുന്നതെന്നു ചിത്രീകരിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടക്കുന്നത്. വിശുദ്ധനഗരമായ അമൃത്സറിനെ ഡിപോര്‍ട്ടേഷന്‍ സെന്ററാക്കി കേന്ദ്രം മാറ്റിയെന്നും ഭഗവന്ത് സിങ് മാൻ ആരോപിച്ചു. അനധികൃ കുടിയേറ്റക്കാരെന്നു കണ്ടെത്തിയതിന് പിന്നാലെ യുഎസ് തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള യുഎസ് സൈനിക വിമാനങ്ങള്‍ ഇന്നും നാളെയുമായി ഇന്ത്യയിലെത്തും. പഞ്ചാബിലെ അമൃത്സറിലെ ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സി-17 സൈനിക വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുക. തിരിച്ചെത്തുന്നവരില്‍ 67 പേര്‍ പഞ്ചാബില്‍നിന്നുള്ളവരാണ്. 33 പേര്‍ ഹരിയാനയില്‍നിന്നും എട്ടുപേര്‍ ഗുജറാത്തില്‍നിന്നും ഉള്ളവരാണ്. മൂന്നുപേര്‍ യുപി സ്വദേശികളുമാണ്. രാജസ്ഥാനില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും ഗോവയില്‍നിന്നും രണ്ടുപേര്‍വീതവും ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് ഒരാള്‍ വീതവുമാണ് തിരിച്ചെത്തുന്നത്.


Source link

Related Articles

Back to top button