സ്വർണവിലയിൽ ഇന്നു കനത്ത ഇടിവ്; മുൻകൂർ ബുക്കിങ്ങിന് പ്രയോജനപ്പെടുത്താം, നേട്ടം വിവാഹ പാർട്ടികൾക്ക്

കേരളത്തിൽ സ്വർണവിലയിൽ (Kerala gold price)) ഇന്ന് വൻ ഇടിവ്. ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസം സമ്മാനിച്ച് ഗ്രാമിന് 100 രൂപ ഇടിഞ്ഞ് ഇന്ന് 7,890 രൂപയായി. പവന് 800 രൂപ താഴ്ന്നിറങ്ങി വില 63,120 രൂപ (gold rate). ഈ മാസം 11ന് ഗ്രാം വില 8,060 രൂപയും പവൻ വില 64,480 രൂപയുമെന്ന സർവകാല റെക്കോർഡ് കുറിച്ചിരുന്നു. ആ വിലയിൽ നിന്ന് പവൻ 1,360 രൂപയും ഗ്രാം 170 രൂപയും കുറഞ്ഞിട്ടുണ്ട്.രാജ്യാന്തരവിലയിലെ കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് ഗോൾഡ് ഇടിഎഫ് (gold ETF) പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിൽ വൻതോതിൽ ലാഭമെടുപ്പ് തകൃതിയായതാണ് വിലയിറക്കത്തിന് വഴിവച്ചത്. ഔൺസിന് കഴിഞ്ഞദിവസം 2,942 ഡോളർ എന്ന റെക്കോർഡിലെത്തിയ രാജ്യാന്തരവില, ഇന്നലെ ഒരുവേള 2,877 ഡോളറിലേക്ക് കൂപ്പുകുത്തി. ഇതു കേരളത്തിലും വില കുറയാൻ സഹായിച്ചു. നിലവിൽ വില 2,882.74 ഡോളർ.
Source link