KERALAM

കോഴിക്കോട് ഉത്സവത്തിനിടെ ആനകളിടഞ്ഞ സംഭവം; മരണം മൂന്നായി, ഏഴുപേരുടെ നില ഗുരുതരം

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞ സംഭവത്തിൽ മരണം മൂന്നായി. കുറുവങ്ങാട് സ്വദേശികളായ ലീല (65), അമ്മുക്കുട്ടി (70), കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. 22 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. ഇന്ന് വെെകിട്ടാണ് സംഭവം നടന്നത്.

പടക്കം പൊട്ടിച്ചതിന്റെ ഉഗ്രശബ്ദം കേട്ടതോടെ എഴുന്നള്ളത്തിനെത്തിയ ഒരു ആന ഇടയുകയായിരുന്നു. ഈ ആന വിരണ്ട് തൊട്ടടുത്തുള്ള ആനയെ കുത്തുകയും ഈ ആന കമ്മിറ്റി ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീഴുകയും ചെയ്തു. ആന മറിഞ്ഞുവീണ ഓഫീസിന് ഉള്ളിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. ധനജ്ഞയൻ,​ ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ആനകൾ വിരണ്ടതോടെ അവിടെ തടിച്ചുകൂടിയിരുന്ന ആളുകളും ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരിക്കേറ്റിരിക്കുന്നത്.

മുക്കാൽ മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്. അതുവരെ രണ്ട് ആനകളും ക്ഷേത്ര പരിസരത്ത് ഭീതി പരത്തി ഓടുകയായിരുന്നു. ആനയുടെ ചവിട്ടേറ്റാണ് സ്ത്രീകൾ മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപപ്രദേശത്തെ ആശുപത്രിയിലേക്കും മാറ്റി. അക്രമാസക്തരായ ആനകളെ പിന്നീട് പാപ്പാന്മാരാണ് തളച്ചത്. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളാണ്. ആനകൾ ക്ഷേത്രകെട്ടിടത്തിന്റെ മേൽക്കൂരയും ഓഫീസ് മുറിയും തകർത്തു.


Source link

Related Articles

Back to top button