കൊയിലാണ്ടി (കോഴിക്കോട്): കൊയിലാണ്ടിയിലെ ക്ഷേത്രത്തിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആനകൾക്ക് ഇടച്ചങ്ങല ഉണ്ടായിരുന്നില്ലെന്ന് വനംവകുപ്പിന്റെ റിപ്പോർട്ട്. ആനയെ എഴുന്നള്ളത്തിന് കൊണ്ടുപോകുമ്പോൾ ഇടച്ചങ്ങല വേണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. അതേസമയം കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനയിടഞ്ഞതിനെ തുടർന്ന് മരിച്ച കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയിൽ (ഊരളളൂർ കാരയാട്ട്) രാജൻ (68) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്‌കരിച്ചു.
മൃതദേഹങ്ങൾ ക്ഷേത്രത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പൊതുദർശനത്തിന് വച്ചു. മന്ത്രി എം.ബി. രാജേഷ്, കാനത്തിൽ ജമീല എം.എൽ.എ തുടങ്ങി ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനയിടഞ്ഞത്. സംഭവത്തിൽ 32 പേർക്ക് പരിക്കേറ്റിരുന്നു.
സംഭവത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ആനകൾ ഇടയാനുണ്ടായ സാഹചര്യത്തിലും അവ്യക്തതയുണ്ട്. ക്ഷേത്ര ഭാരവാഹികൾക്കെതിരേയും ആന ഉടമസ്ഥർക്കെതിരേയും നടപടിയുണ്ടാകും. ഇന്ന് സ്ഥലം സന്ദർശിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും മന്ത്രി പറഞ്ഞു.
സ്ഥലത്ത് ഇന്നലെ പരിശോധന നടത്തിയ വനം-റവന്യു വകുപ്പുകൾ വ്യത്യസ്‌ത അഭിപ്രായങ്ങളാണ് പറഞ്ഞത്. പിന്നിൽ വന്ന ആനയായ ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെന്ന ആനയെ പ്രകോപിപ്പിച്ചതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ആനകളുടെ സമീപത്ത് പടക്കം പൊട്ടിക്കരുതെന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദ്ദേശം ലംഘിക്കപ്പെട്ടെന്ന് റവന്യു വകുപ്പും പറയുന്നു. ഇരുറിപ്പോർട്ടുകളും മന്ത്രി എ.കെ. ശശീന്ദ്രന് കൈമാറി. ആന ഇടഞ്ഞതിന് കാരണം കതിന പൊട്ടിച്ചതാണെങ്കിൽ അത് ആചാരത്തിന്റെ ഭാഗമാണെന്നും അതുസംബന്ധിച്ച് കോടതിയിൽ വിശദീകരണം നൽകുമെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
ഗുരുവായൂർ ദേവസ്വത്തോട് ഹൈക്കോടതി: ആനകളെ ദൂരേക്ക് അയച്ചതെന്തിന്?
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ, ആനകളുമായി ബന്ധപ്പെട്ട രജിസ്റ്ററുകളുമായി 17ന് നേരിട്ടു ഹാജരാകാൻ ഗുരുവായൂർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതി നിർദ്ദേശം. ദൂരസ്ഥലങ്ങളിലേക്ക് ആനകളെ കൊണ്ടുപോകാൻ എന്തിനാണ് അനുമതി നൽകുന്നതെന്നു കോടതി ചോദിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വനംവകുപ്പിന്റെയും വിശദീകരണം തേടിയിട്ടുണ്ട്.
ഇടഞ്ഞ പീതാംബരൻ, ഗോകുൽ എന്നീ ആനകളുടെയടക്കം ഭക്ഷണം, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ വിവരങ്ങളുള്ള രജിസ്റ്ററുകൾ ലൈവ് സ്റ്റോക്ക് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഹാജരാക്കണം.
ഗുരുവായൂർ ദേവസ്വത്തിന്റെ പുന്നത്തൂർ ആനക്കോട്ട വൃത്തിയായി സൂക്ഷിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഏഷ്യൻ എലിഫന്റ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യർ നൽകിയ ഹർജിയാണു പരിഗണനയിലുള്ളത്.
Source link