വിധി കേൾക്കാൻ ഹാജരാകൽ: അവശതയുള്ള പ്രതികൾക്ക് ഇളവ്

കൊച്ചി: ശാരീരിക അവശതയുള്ള പ്രതിയെ വിധി പറയുന്ന ദിവസം നേരിൽ ഹാജരാകുന്നതിൽ നിന്ന് മജിസ്ട്രേറ്റ് കോടതിക്ക് ഒഴിവാക്കാമെന്ന് ഹൈക്കോടതി. വഞ്ചനക്കേസിൽ പ്രതിയായ 86കാരിയെ ഉത്തരവ് കേൾക്കാൻ ഓൺലൈനിൽ ഹാജരാകാൻ അനുവദിച്ചാണ് ജസ്റ്റിസ് വി.ജി. അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലം സ്വദേശിയും അർബുദ രോഗിയുമായ ചിന്നമ്മ ജോർജിന്റെ ഹർജിയാണ് അനുവദിച്ചത്.
കൊച്ചി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള വഞ്ചനക്കേസിലെ പ്രതിയാണ് ഹർജിക്കാരി. പളളുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പ്രതികളുണ്ട്. രണ്ട് പേർ ഉത്തരവ് പറയുന്ന ദിവസം കോടതിയിൽ ഹാജരായി. ആരോഗ്യ കാരണങ്ങളാൽ ഹർജിക്കാരിക്ക് ഹാജരാകാനായില്ല. മജിസ്ട്രേറ്റ് കോടതി ഇവരുടെ ഉത്തരവ് മാറ്റി വച്ച്, മറ്റ് രണ്ട് പേരെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഹർജിക്കാരിയുടെ അഭാവത്തിലും ശിക്ഷ വിധിക്കണമെന്ന ആവശ്യം മജിസ്ട്രേറ്റ് അനുവദിച്ചില്ല. തുടർന്നാണ് വിഷയം ഹൈക്കോടതിയിൽ എത്തിയത്.
Source link