വർഷങ്ങൾക്ക് മുമ്പ് താമസിച്ചിരുന്നത് മുപ്പതോളം കുടുംബങ്ങൾ, മതമ്പകൊമ്പൻപാറയിൽ ഇനി മനുഷ്യരില്ല

പീരുമേട്: കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട മതമ്പകൊമ്പൻപാറയിൽ ഇനി മനുഷ്യവാസമുണ്ടാകില്ല. പ്രദേശത്തെ അവസാന കുടുംബവും ഇന്നലെ നാടുവിട്ടു. അവശേഷിച്ചിരുന്ന മൂന്ന് കുടുംബങ്ങളാണ് ഇന്നലെ ഇവിടെ നിന്ന് താമസം മാറിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് മുപ്പതോളം കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. വന്യമൃഗ ശല്യം കാരണം മറ്റ് 27 കുടുംബങ്ങളും ഇവിടെ നിന്ന് പലപ്പോഴായി താമസം മാറി.
കഴിഞ്ഞ തിങ്കളാഴ്ച ചെന്നാപ്പാറ നെല്ലുവിള പുത്തൻവീട്ടിൽ സോഫിയാ ഇസ്മായിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന ശേഷിച്ച മൂന്ന് കുടുംബങ്ങളും താമസം മാറുകയായിരുന്നു. കൊല്ലപ്പെട്ട സോഫിയ ഇസ്മായിലിന്റെ കുടുംബം, ഇസ്മായിലിന്റെ മാതാവ് അലീമ, ചേർക്കോട്ട് സുരേഷ് എന്നിവരാണ് മാറിയത്. ഇതോടെ പ്രദേശം മനുഷ്യരില്ലാതെ കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായി മാറി.ഇന്നലെയും ചെന്നാപ്പാറ ഭാഗത്ത് 23 ആനകൾ മൂന്ന് ഭാഗങ്ങളിലായി റബ്ബർ തോട്ടത്തിലെത്തി. കാട്ടുപന്നി, പുലി, മ്ലാവ് തുടങ്ങിയ വന്യ മൃഗങ്ങൾ പ്രദേശങ്ങളിൽ എപ്പോഴും കാണും. റബ്ബർ ടാപ്പിംഗിന് പോകുന്ന തൊഴിലാളികൾ പലപ്പോഴും മൃഗങ്ങളെ കണ്ട് ഭീതിയിലാണ് ജോലി ചെയ്യുന്നത്. വന്യമൃഗങ്ങളെ ഉൾവനത്തിലേക്ക് അയക്കാൻ വനം വകുപ്പ് അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
നോവായി കൊല്ലപ്പെട്ട
സോഫിയയുടെ നിവേദനം
വനാതിർത്തിയിൽ വൈദ്യുതി തൂക്കുവേലി, ഫെൻസിങ്, ട്രഞ്ച് ഇവ നിർമ്മിച്ച് വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പാക്കണമെന്ന് കൊല്ലപ്പെട്ട സോഫിയ ഇസ്മയിൽ ഉൾപ്പെടെ വനംമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. അന്ന് നടപടി സ്വീകരിക്കാമെന്നു മന്ത്രി പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം നടപ്പാക്കിയില്ല.
കാട്ടുപന്നികളെ കൂട്ടമായി തള്ളി
കഴിഞ്ഞവർഷം എരുമേലി, പമ്പ, പ്രദേശത്ത് നിന്ന് നൂറു കണക്കിന് കാട്ടുപന്നികളെ പിടികൂടി വാഹനങ്ങളിൽ ടി.ആർ ആന്റ് ടി കമ്പനിയുടെ വിവിധ ഡിവിഷനുകളിൽ രാത്രിയിൽ കൊണ്ട് ഇറക്കിവിട്ടിരുന്നു. അന്ന് സമീപ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പടെ ഇതിനെതിരെ പ്രതികരിച്ചിരുന്നു.
Source link