KERALAM

മുംബയ് ഭീകരാക്രമണം; തഹാവൂർ റാണയെ അമേരിക്ക ഉടൻ ഇന്ത്യയ്‌ക്ക് കൈമാറും

വാഷിംഗ്ടൺ: മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ (64) അമേരിക്ക ഉടൻ ഇന്ത്യയ്ക്ക് കൈമാറും. ഇതുസംബന്ധിച്ചുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഖാലിസ്ഥാനികളടക്കമുള്ള ഇന്ത്യ വിരുദ്ധർക്കെതിരെ നടപടിയുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് റാണയെ കൈമാറുന്ന കാര്യത്തിൽ ധാരണയായത്. മോദി തന്റെ വളരെക്കാലമായുള്ള അടുത്ത സുഹൃത്താണെന്നും ഇന്ത്യയുമായുള്ള സൈനിക വ്യാപാരം വർദ്ധിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു.


ലോസാഞ്ചൽസിലെ അതീവ സുരക്ഷാ ജയിലിലാണ് റാണ ഇപ്പോഴുള്ളത്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാൻ ഇയാൾ സമർപ്പിച്ച ഹർജി യു എസ് സുപ്രീം കോടതി അടുത്തിടെ തള്ളിയിരുന്നു. റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ അമേരിക്കയ്‌ക്ക് കൈമാറിയിരുന്നു. പിന്നാലെ റാണയുടെ ഹർജി തള്ളണമെന്ന് യുഎസ് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. സുപ്രീം കോടതി റാണയുടെ ഹർജി തള്ളിയതോടെ യു എസ് – ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറുന്നതിനുണ്ടായിരുന്ന തടസങ്ങൾ നീങ്ങി.

റാണയെ ഇന്ത്യക്ക് കൈമാറാൻ 2023 മേയിലാണ് കാലിഫോർണിയ കോടതി ഉത്തരവിട്ടത്. അപ്പീലുകൾ തള്ളിയതോടെയാണ് റാണ സുപ്രീം കോടതിയെ സമീപിച്ചത്. പാക് ആർമിയിലെ മുൻ ഡോക്ടറാണ് റാണ. റാണയും ഭീകരൻ ഡേവിഡ് ഹെഡ്‌ലിയും ലഷ്‌കറെ ത്വയ്ബ അടക്കം പാക് ഭീകര സംഘടനകൾക്കൊപ്പം ചേർന്ന് മുംബയ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തി. 2008 നവംബർ 26ലെ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.

പാക് വംശജനായ ഹെ‌ഡ്‌ലി അമേരിക്കൻ ജയിലിലാണ്. മുംബയ് ഭീകരാക്രമണ പങ്ക് തെളിയാത്തതിനാൽ കേസിൽ യുഎസ് ശിക്ഷ നൽകിയില്ല. പക്ഷേ, ഡെൻമാർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിനും ലഷ്‌കർ ഭീകരരെ സഹായിച്ചതിനും 2013ൽ ഷിക്കാഗോ കോടതി 14 വർഷം തടവ് വിധിച്ചു.
TAGS: NEWS 360, WORLD, WORLD NEWS, DONALD TRUMP, MUMBAI TERROR ATTACK, TAHAWWUR RAN, LATESTNEWS


Source link

Related Articles

Back to top button