വയനാട് പുനരധിവാസത്തിന് കേന്ദ്രത്തിന്റെ സഹായം; അനുവദിച്ചത് 530 കോടിയുടെ പലിശ രഹിത വായ്പ

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ കേന്ദ്രസർക്കാർ അനുവദിച്ചു. ടൗൺ ഷിപ്പ് അടക്കം 16 പദ്ധതികൾക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്. പലിശയില്ലാത്ത വായ്പ 50 വഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇതുമായി ബന്ധപ്പെട്ട് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പുകളിൽ പൊതുകെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനർമിക്കുന്നതിനാണ് കേന്ദ്ര സഹായം. മാർച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന സമയത്തിൽ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങളുടെ പ്രതികരണം.
സമയപരിധിയിൽ പണം പൂർണമായും ചെലവഴിക്കുന്നത് പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘മുണ്ടക്കയം, ചുരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ദുരന്തത്തിലുണ്ടായ നാശനഷ്ടടം പരിഹരിക്കാൻ ഞങ്ങൾ ഗ്രാന്റ് പോലെയാണ് സഹായം ആവശ്യപ്പെട്ടത്. എന്നാൽ അങ്ങനെയല്ല കേന്ദ്രം പണം അനുവദിച്ചത്. എന്തായാലും നമ്മൾ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്, ഈ തുക കുറച്ച് നേരത്തെ അനുവദിക്കാമായിരുന്നു. ഏത് സംസ്ഥാനത്തിന് ഇത്തരമൊരു ദുരന്തം വന്നാലും പ്രത്യേക സഹായമായി പണം അനുവദിക്കേണ്ടതാണ്. അത് കേന്ദ്രം ചെയ്തിട്ടില്ല. ധനകാര്യവകുപ്പ് പണം കൃത്യമായി ചെലവഴിക്കാനുളള നീക്കത്തിലാണ്’- മന്ത്രി പറഞ്ഞു.
ഉപാദികളോടെ പുനരധിവാസത്തിന് കേന്ദ്രം വായ്പ അനുവദിച്ചതിൽ ടി സിദ്ധിഖ് എംഎൽഎയും വിമർശിച്ചു.ഉപാദികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണെന്നാണ് ടി സിദ്ധിഖ് പറഞ്ഞത്. ‘കേന്ദ്രസർക്കാരിന്റെ ഈ സമീപനം ഫെഡറലിസത്തിന് നിരക്കാത്തതും മനുഷ്യത്വരഹിതവുമാണ്. പണം തരുന്ന കാര്യത്തിൽ ജന്മിയുടെ സ്വഭാവം കാണിക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനം ഒരിക്കൽ പോലും അംഗീകരിക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് മാറ്റാൻ കേരളം ഒറ്റക്കെട്ടായി നിൽക്കും’- അദ്ദേഹം കൂട്ടിച്ചേർത്തു.
Source link