KERALAM

പാഠ്യപദ്ധതിയിൽ നിന്ന് ഗുരുപഠനം ഒഴിവാക്കിയതിനെതിരെ നിവേദനം

തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയ ശ്രീനാരായണഗുരുവിനെ സംബന്ധിച്ച പാഠഭാഗങ്ങൾ പുനഃസ്ഥാപിക്കുകയും വിപുലമാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകി. മൂന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങൾ മുൻനിറുത്തിയാണ് അഡ്വ.ടി.കെ.ശ്രീനാരായണദാസ് നിവേദനം നൽകിയത്.

മലയാളം,​ സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിൽ ശ്രീനാരായണദാസ് കൂടി ഉൾപ്പെട്ട കരിക്കുലം സ്റ്രിയറിംഗ് കമ്മിറ്രിയാണ് ഗുരുപഠനം സംബന്ധിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. 3-ാം ക്ലാസിൽ ‘മുമ്പേ നടന്നയാൾ’ എന്ന പാഠഭാഗവും 5-ാം ക്ലാസിൽ പ്രൊഫ.എം.കെ.സാനുവിന്റെ ‘കണ്ടാലറിയാത്തത്’, 6-ാം ക്ലാസിൽ കെ.ദാമോദരന്റെ ‘ഒരു കെട്ടുകല്യാണം’, 7-ാം ക്ലാസിൽ ലളിതാംബിക അന്തർജനത്തിന്റെ ‘കൈയ്യെത്താ ദൂരത്ത്’ എന്നീ പാഠങ്ങളും 7ാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിൽ ശ്രീനാരായണ ഗുരുവിന്റെ ലഘുജീവചരിത്രവും വിദ്യയും വിത്തവും എന്ന ശീർഷകത്തിൽ ചട്ടമ്പിസ്വാമിയെ കുറിച്ചുള്ള ഹ്രസ്വവിവരണവും ഉൾപ്പെടുത്തിയിരുന്നു. 12-ാം ക്ലാസിലെ പാഠപുസ്തകത്തിൽ ദൈവദശകം വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കാനും 11-ാം ക്ലാസിൽ അനുകമ്പ എന്ന ശീ‌ർഷകത്തിൽ അനുകമ്പാദശകവും 8,9,10 ക്ലാസുകളിലെ പഠനപ്രവൃത്തികളിൽ ആത്മോപദേശ ശതകത്തിലെ ചില വരികളും ഉണ്ടായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തെ തുടർന്നാണ് ഗുരുപഠനം സംബന്ധിച്ച പാഠഭാഗങ്ങൾ ഒഴിവാക്കിയത്. ശ്രീനാരായണഗുരു മനുഷ്യരാശിക്ക് നൽകിയ അനശ്വരമായ വെളിച്ചവഴികളുടെ ദിശാസൂചകങ്ങളായിരുന്നു ആ പാഠഭാഗങ്ങൾ. പ്രശ്നം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ശ്രീനാരായണദാസ് അറിയിച്ചു.


Source link

Related Articles

Back to top button