KERALAM

‘നല്ല വാക്കുകൾ പറയുന്നതാണ് നല്ലത്, രാജിവയ്ക്കണമെന്ന് പറയുന്നത് രാഷ്ട്രീയ ആവശ്യം’; ബിഷപ്പിനെതിരെ മന്ത്രി ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലിന് മറുപടിയുമായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. ബിഷപ്പുമാർ ആശ്വസിപ്പിക്കാൻ സിദ്ധിയുള്ള ആളുകളാണെന്നാണ് ഞാൻ ധരിച്ചുവച്ചിരുന്നത്. ചില സമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് താമശേരി ബിഷപ്പ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

‘നല്ല വാക്കുകൾ പറയുന്നതാണ് അല്ലേ നല്ലത്. ഏറ്റവും സൗമ്യമായ ഭാഷയിൽ സംസാരിക്കുന്നവരാണ്. ആശ്വസിപ്പിക്കുന്ന ആൾക്കാരാണ്. ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാവർക്കും അവകാശമുണ്ട്. രാജിവയ്ക്കണമെന്ന് പറയുന്നത് രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പ് ഉയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ട്. രാജിവച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോ? രാജി പ്രശ്ന പരിഹാരമല്ല, എന്താണ് ഇതിനൊരു ശാശ്വത പരിഹാരം, അതാണ് വേണ്ടത്’- എകെ ശശീന്ദ്രൻ പറഞ്ഞു.

കർഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്നാണ് താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലിൻ ആവശ്യപ്പെട്ടത്. ‘ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നു. കർഷകന് ജീവിക്കാനുള്ള അവകാശങ്ങൾ തമസ്‌ക്കരിക്കുന്നു. വനം വകുപ്പ് സ്വീകരിക്കുന്നത് കർഷകരെ ഉപദ്രവിക്കുന്ന സമീപനമാണ്. കർഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണം’ കോട്ടയത്ത് നടക്കുന്ന ഇൻഫാം അസംബ്ലിയിൽ പ്രസംഗിക്കവെയാണ് താമരശ്ശേരി രൂപത ബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്.


Source link

Related Articles

Back to top button