സ്വകാര്യഭാഗങ്ങളിൽ ഡമ്പൽ തൂക്കി, നഖത്തിനിടയിൽ ആണി കയറ്റി; കോട്ടയത്ത് കോളേജ് ഹോസ്റ്റലിൽ റാഗിംഗ്

കോട്ടയം: ഗാന്ധിനഗർ സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ (എസ്.എം.ഇ) ഒന്നാംവർഷ വിദ്യാർത്ഥികളെ റാഗിംഗിനിരയാക്കിയ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. കോളേജിലെ ബോയ്സ് ഹോസ്റ്റലിലായിരുന്നു സംഭവം. മൂന്നാം വർഷ വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പഠനം തുടങ്ങിയ നവംബർ നാല് മുതലാണ് തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാർത്ഥികൾ റാഗിംഗിന് ഇരയായത്. നഖത്തിനിടയിൽ ആണി കയറ്റുക, കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കുക, സ്വകാര്യഭാഗങ്ങളിൽ ഡമ്പൽ തൂക്കിയിടുക തുടങ്ങിയവയാണ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
പീഡനം പുറത്ത് പറയാതിരിക്കാൻ നിർബന്ധിച്ച് മദ്യം നൽകി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി. പീഡനത്തിന് ഇരയായ വിദ്യാർത്ഥികളിൽ ഒരാളോട് പണം ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനാൽ മർദ്ദിച്ചു. സഹിക്കാനാവാതെ വന്നതോടെ വിദ്യാർത്ഥികൾ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ നിർദ്ദേശപ്രകാരമാണ് വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Source link