KERALAM

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്ത പ്രതി പിടിയിൽ

ഉദിയൻകുളങ്ങര: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ആക്രമിച്ച പ്രതിയെ പിടികൂടി. പാറശാല അയിര വടുവൂർകോണം പുത്തൻവീട്ടിൽ ബിനു (48) ആണ് അറസ്റ്റിലായത്. ആക്രമണം നടന്നതിന്റെ സി സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് പാറശാല ബ്ലോക്ക് ഓഫീസും കോൺഫറൻസ് ഹാളും ബ്ലോക്ക് സെക്രട്ടറിയുടെ വാഹനവും അടിച്ചുതകർത്ത നിലയിൽ കണ്ടെത്തിയത്.

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ സിസി.ടിവി സംവിധാനങ്ങൾ ഉൾപ്പെടെ പ്രതി തകർത്തിരുന്നു. എന്നാൽ സമീപപ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസിന് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് വിരലടയാള തെളിവുകളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിയിലേക്ക് എത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കും.

കൂടുതൽ ചോദ്യം ചെയ്താലേ ആക്രമണത്തിന്റെ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പാറശാല പൊലീസ് പറഞ്ഞു.

വടുവൂർക്കോണം വാട്ടർടാങ്ക് അടിച്ചുതകർത്ത കേസിലും ഗണപതി ക്ഷേത്രം കുത്തിത്തുറന്ന് വിളക്കുകൾ മോഷ്ടിച്ച കേസിലെയും പ്രതിയാണ് ഇയാൾ. 15 ദിവസം മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്. പാറശാല,പൊഴിയൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

 ആക്രമണത്തിൽ ദുരൂഹത: ഡോ.ആർ. വത്സലൻ

പാറശാല ബ്ലോക്ക് ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ ഏകദേശം 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് പരാതി. ആക്രമണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകൾ നശിപ്പിച്ചെന്ന ആരോപണമുയരുന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി ഡോ.ആർ. വത്സലൻ ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button