വയനാട്ടിൽ കേന്ദ്രം സാമ്പത്തികസഹായം നൽകാത്ത സാഹചര്യം വന്നാൽ ആദ്യം സമരത്തിനിറങ്ങുമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: വയനാട് പുനഃരധിവാസത്തിൽ കേന്ദ്രം സാമ്പത്തികസഹായം നൽകാത്ത സാഹചര്യമുണ്ടായാൽ ആദ്യം സമരത്തിനിറങ്ങുന്നത് താനായിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പമാണ് എക്കാലവും ബി.ജെ.പിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ കേന്ദ്രസർക്കാർ അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതാണ്. ഇതിന് അനുസൃതമായ സാമ്പത്തിക സഹായം സംസ്ഥാനത്തിന് കൈമാറും. ബഡ്ജറ്റിൽ വയനാടിനെ പരിഗണിച്ചില്ല എന്ന ആരോപണം തെറ്റാണ്. ദുരന്തനിവാരണ പദ്ധതികൾക്കായി കേന്ദ്രം നൽകിയ ഫണ്ടുപോലും കൃത്യമായി വിനിയോഗിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ കൈയിൽ പണമുണ്ടായിട്ടും വയനാടിനു വേണ്ടി ഒന്നും ചെയ്തില്ല. കേന്ദ്ര ഫണ്ട് ലഭിക്കാത്തതുകാരണം എന്ത് പുനരധിവാസ പ്രവൃത്തികളാണ് നിലവിൽ വയനാട്ടിൽ മുടങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരുടെ വിവാദ പരാമർശങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. പട്ടികവർഗത്തിന് ഒരു വകുപ്പ് കേന്ദ്രത്തിലുണ്ടായത് വാജ്‌പേയ് സർക്കാരിന്റെ കാലത്താണെന്നും, പിന്നാക്കവിഭാഗങ്ങൾക്ക് ഏറ്റവും അനുകൂലമായ നിലപാടുകളാണ് കേന്ദ്രം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
Source link