വന്യജീവി ആക്രമണം തടയാൻ പത്തിന പദ്ധതി, തീരുമാനം വനംവകുപ്പിന്റെ യോഗത്തിൽ

തിരുവനന്തപുരം: വന്യജീവി സംഘർഷം നിയന്ത്രിക്കാൻ പത്ത് അടിയന്തര കർമ്മ പദ്ധതികൾക്ക് വനംവകുപ്പ് രൂപം നൽകി. അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെയും വനംമേധാവി ഡോ.ഗംഗാസിംഗിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജനവാസ മേഖലയിലെത്തുന്ന വന്യജീവികളുടെ സാന്നിദ്ധ്യം നിരീക്ഷിക്കുന്നതിന് റിയൽ ടൈം മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തും. വനത്തിലൂടെയുള്ള റോഡുകൾക്കിരുവശത്തുമുള്ള അടിക്കാടുകൾ വെട്ടിത്തെളിച്ച് വിസ്ത ക്ലിയറൻസ് നടത്തും. വയനാട്ടിലെ വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംഘർഷ മേഖലയിൽ പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമുകൾക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് ദുരന്ത നിവാരണ അതോറിട്ടിയിൽ നിന്ന് പണം ലഭ്യമാക്കാൻ നടപടി ത്വരിതപ്പെടുത്താനും തീരുമാനിച്ചു.
10 കർമ്മ പദ്ധതികൾ
1. റിയൽ ടൈം മോണിറ്ററിംഗ്: ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ നിരീക്ഷിച്ച് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കും. നോഡൽ ഓഫീസർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ മനു സത്യൻ.
2. പ്രൈമറി റെസ്‌പോൺസ് ടീം: സംഘർഷ മേഖലകളിൽ തദ്ദേശീയരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. ഫോറസ്റ്റ് കൺസർവേറ്റർ ശില്പ വി.കുമാറിന് ചുമതല.
3. ട്രൈബൽ നോളജ്: വന്യജീവി സംഘർഷം നേരിടുന്നതിന് ഗോത്ര വിഭാഗങ്ങൾ സ്വീകരിച്ചിരുന്ന പരമ്പരാഗത രീതികളുടെ വിവര ശേഖരണം. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ രാജു കെ.ഫ്രാൻസിസ് നോഡൽ ഓഫീസർ.
4. ബോണറ്റ് മക്വാക്വെ: നാടൻ കുരങ്ങുകളുടെ ശല്യം നിയന്ത്രിക്കാനുള്ള മാർഗ്ഗം കണ്ടെത്തുക. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയയ്ക്ക് ചുമതല.
5. വൈൽഡ് പിഗ്: കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്തുകൾക്ക് ഷൂട്ടേഴ്സ് അടക്കമുള്ള സഹായം നൽകും. ഫോറസ്റ്റ് കൺസർവേറ്റർ ശ്യാം മോഹൻലാലിന് ചുമതല.
6. മിഷൻ നോളജ്: വന്യജീവി സംഘർഷത്തെ കുറിച്ച് കെ.എഫ്.ആർ.ഐ, ടി.ബി.ജി.ആർ.ഐ. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യ, സാക്കോൺ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ശാസ്ത്രീയ പഠനം.
7. നിലവിലുള്ള സോളാർ ഫെൻസിംഗ്, (8).ഫുഡ് ഫോഡർ ആൻഡ് വാട്ടർ, (9).പാമ്പുകളെ പിടിക്കാനുള്ള സർപ്പ പദ്ധതി, (10). ജനങ്ങൾക്ക് അവബോധം നൽകുന്നതിനുള്ള സെൻസിറ്റൈസേഷൻ ടു പബ്ലിക് എന്നീ മിഷനുകളും പദ്ധതിയുമായി യോജിപ്പിച്ചിട്ടുണ്ട്.
Source link