കേരളത്തിൽ വിലക്കയറ്റം ഏറ്റവും രൂക്ഷമെന്ന് കേന്ദ്ര റിപ്പോർട്ട്; ദേശീയതലത്തിൽ കുറഞ്ഞു

രാജ്യത്ത് വിലക്കയറ്റത്തിൽ നമ്പർ വണ്ണാണ് കേരളമെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞമാസത്തെ ചില്ലറ വിലക്കയറ്റത്തോതിന്റെ (റീട്ടെയ്ൽ പണപ്പെരുപ്പം/Retail Inflation/CPI Inflation) കണക്കുപ്രകാരം 6.76 ശതമാനം വാർഷിക വർധനയുമായാണ് കേരളം ഏറ്റവും മുന്നിലെത്തിയത്. ദേശീയതലത്തിൽ പണപ്പെരുപ്പം 5-മാസത്തെ താഴ്ചയിലേക്ക് കുറഞ്ഞപ്പോഴാണ് കടകവിരുദ്ധമായി കേരളത്തിലെ കയറ്റം.ഒഡീഷ (6.05%), ഛത്തീസ്ഗഢ് (5.85%), ഹരിയാന (5.1%), ബിഹാർ (5.06%) എന്നിവയാണ് കേരളത്തിന് തൊട്ടുപിന്നാലെ വിലക്കയറ്റത്തോതിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ. കഴിഞ്ഞ ഒക്ടോബറിൽ 6.47 ശതമാനമായിരുന്ന കേരളത്തിലെ പണപ്പെരുപ്പം, നവംബറിൽ 6.32 ശതമാനമായി കുറഞ്ഞിരുന്നു. ഡിസംബറിൽ 6.36 ശതമാനത്തിലെത്തി. ഗ്രാമീണമേഖലകളിൽ വിലക്കയറ്റം രൂക്ഷമായതാണ് കേരളത്തിന് ജനുവരിയിൽ തിരിച്ചടിയായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിസംബറിൽ 6.92 ശതമാനമായിരുന്ന ഗ്രാമീണ വിലപ്പെരുപ്പം ജനുവരിയിൽ 7.31 ശതമാനമായി. നഗരമേഖലകളിലേത് 5.29ൽ നിന്നുയർന്ന് 5.81 ശതമാനത്തിലുമെത്തി.
Source link