KERALAM

കൊച്ചിയിലെ സാധാരണക്കാരുടെ ഹോട്ടല്‍ വന്‍ ഹിറ്റ്, ദിവസവും മൂന്ന് ലക്ഷം രൂപയുടെ വിറ്റുവരവ്

കൊച്ചി: പുറത്ത് പോകുമ്പോള്‍ ഭക്ഷണം ഹോട്ടലില്‍ നിന്നാണ് കഴിക്കുന്നതെങ്കില്‍ കൊച്ചിക്കാര്‍ക്കും കൊച്ചിയിലെത്തുന്നവര്‍ക്കും ഇനി വലിയ ബില്ല് വരുമോയെന്ന പേടി വേണ്ട. കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പരമാര റോഡില്‍ പ്രവര്‍ത്തിക്കുന്ന സമൃദ്ധി ഹോട്ടല്‍ സാധാരണക്കാര്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ ദിവസേന 2500ല്‍ അധികം ഉച്ചഭക്ഷണമാണ് വിറ്റ് പോകുന്നത്. അതും ഒരു ഊണിന് 20 രൂപ മാത്രം നല്‍കിയാല്‍ മതി.

പ്രഭാതഭക്ഷണത്തിന് 25 വ്യത്യസ്ത ഇനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇഡ്ഡലി, വിവിധ തരം ദോശ, അപ്പം, പൂരി, ഇടിയപ്പം, പൊറോട്ട, പുട്ട്, ഉപ്പുമാവ്, തിനക്കഞ്ഞി, അരി കഞ്ഞി തുടങ്ങിയവയാണ് നല്‍കുന്നത്. ഫുള്‍ മീല്‍സിന് വില 38 രൂപയാണ്. ഒരേ സമയം ഹോട്ടലില്‍ 200 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. രാത്രി 11 വരെ ഭക്ഷണം ലഭിക്കും. വനിതാ കൂട്ടായ്മകളാണ് സംരംഭം നടത്തുന്നത്. പ്രതിദിനം മൂന്ന് ലക്ഷം രൂപയാണ് ഇവിടുത്തെ വിറ്റുവരവ്.

ഹോട്ടലിന്റെ വിശേഷങ്ങളെ കുറിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടിഎം തോമസ് ഐസക് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിയുടെ കുറിപ്പ് ചുവടെ

എറണാകുളത്ത് ന്യായവിലയ്ക്ക് നല്ല ഗുണമേന്മയുള്ള രുചികരമായ ഭക്ഷണം വേണോ? ഞാന്‍ ശുപാര്‍ശ ചെയ്യുക നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം പരമാര റോഡിലുള്ള കൊച്ചി നഗരസഭയുടെ ‘സമൃദ്ധി ഹോട്ടല്‍’ ആണ്. ഇപ്പോഴും ഉച്ചയൂണിന് 20 രൂപയേയുള്ളൂ. 38 രൂപ ചെലവുവരും. സര്‍ക്കാര്‍ സബ്‌സിഡി നിന്നു. പക്ഷേ, മറ്റു ഭക്ഷണങ്ങളിലുള്ള ക്രോസ് സബ്‌സിഡികൊണ്ട് എല്ലാ ദിവസവും 2500-ലേറെ ഊണുകള്‍ ഇവിടെ നല്‍കുന്നു. പാഴ്‌സലുമുണ്ട്. പക്ഷേ, 10 രൂപ അധികം നല്‍കണം.

ഇഡ്ഡലി, വിവിധതരം ദോശകള്‍, അപ്പം, പൂരി, ഇടിയപ്പം, പൊറോട്ട, പുട്ട്, ഉപ്പുമാവ്, മില്ലറ്റ് കഞ്ഞി, അരിക്കഞ്ഞി ഇങ്ങനെ 25 തരം പ്രഭാതഭക്ഷണത്തിന് റെഡി. ഉച്ചയ്ക്ക് ഊണിന് മീന്‍, പലതരം ഇറച്ചികള്‍ തുടങ്ങിയ ഒരു ഡസനിലേറെ സ്‌പെഷ്യലുകള്‍. ബിരിയാണിയും ലഭ്യമാണ്.

സൗജന്യ വിലയ്ക്ക് ഊണ് നല്‍കുന്നതുപോലെ സൗജന്യ വിലയ്ക്ക് ഒരു ടിഫിനുമുണ്ട്. 20 രൂപയ്ക്ക് 4 ഇഡ്ഡലിയും സമൃദ്ധമായി കഷണങ്ങളുള്ള സാമ്പാറും. രാത്രി 11 മണി വരെ ഭക്ഷണം ഉണ്ട്. ഏതാണ്ട് 200 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും. പണമടച്ച് ടോക്കണ്‍ എടുത്താല്‍ ബന്ധപ്പെട്ട കൗണ്ടറില്‍ പോയി ഭക്ഷണസാധനങ്ങള്‍ വാങ്ങാം.

ഭക്ഷണം രുചികരമാണെന്നതിന് എന്താണ് ഇത്ര ഉറപ്പ്? ഫുഡ്‌കോര്‍ട്ടിനു ചുറ്റുമായിട്ടാണ് വിതരണ ജാലകങ്ങള്‍. അതിനു പുറകിലൂടെ എല്ലാം രുചി നോക്കി കൊണ്ടൊരു യാത്രയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ പൂര്‍ണ്ണമായും കൂടെയുണ്ടായിരുന്നു. പിന്നെ ഓരോ സെക്ഷനിലും അവിടുത്തെ പ്രമാണിയും. ഇങ്ങനെ പെറുക്കിത്തന്ന് വയറ് നിറഞ്ഞതുകൊണ്ട് ഷീബ ബ്രേക്ക്ഫാസ്റ്റിനുവേണ്ടി പ്രത്യേകം തയ്യാറാക്കിക്കൊണ്ടുവന്ന പോര്‍ക്ക് വിന്റാലു കുറച്ചേ കഴിക്കാനായുള്ളൂ.

ദിവസവും മൂന്ന് ലക്ഷത്തിലേറെ രൂപയുടെ വില്പനയുണ്ട്. ഏതാണ്ട് 150 ജീവനക്കാരുണ്ട്. നടത്തുന്നത് മുഖ്യമായും സ്ത്രീകളുടെ കൂട്ടായ്മ സംരംഭമാണ്. 115 പേര്‍ ഭക്ഷണം പാചകം ചെയ്യാന്‍ തന്നെയുണ്ട്. വെജിറ്റേറിയന്‍ നോണ്‍വെജിറ്റേറിയന്‍ കിച്ചണുകള്‍ വേര്‍തിരിച്ചിട്ടുണ്ട്. വിവിധയിനം പാചകങ്ങള്‍, വിതരണം, പാഴ്‌സല്‍, പര്‍ച്ചെയ്‌സ് & സ്റ്റോര്‍, അക്കൗണ്ട്‌സ് തുടങ്ങി ഒരു ഡസന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലായിട്ടാണ് ജീവനക്കാര്‍ പ്രവൃത്തിയെടുക്കുന്നത്. ഓരോന്നിനും ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡുമുണ്ട്. ജീവനക്കാര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പ്രത്യേക ഹാളുണ്ട്.

ജീവനക്കാര്‍ തൃപ്തരാണ്. 15000 മുതല്‍ 35000 രൂപ വരെയാണ് മാസവരുമാനം. ജീവനക്കാരുടെ ഗ്രേഡിനെയും എത്ര മണിക്കൂര്‍ അധിക ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും വേതനം. വരവും ചെലവും ഒത്തുപോകുന്നു. നഷ്ടമില്ല. അതുകൊണ്ടുതന്നെ സംരംഭത്തിന് ലാഭവിഹിതം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

എറണാകുളം സമൃദ്ധി ഒരു വിസ്മയമാണ്. സര്‍ക്കാരിന്റെയോ കോര്‍പ്പറേഷന്റെയോ പ്രവര്‍ത്തന സബ്‌സിഡിയൊന്നുമില്ലാതെ ഒരു ജനപ്രിയ ന്യായവില ഭക്ഷണശാല നാല് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. അനില്‍കുമാര്‍ മേയര്‍ ആയിക്കഴിഞ്ഞശേഷം മാരാരിക്കുളത്തെ ജനകീയ ഭക്ഷണശാലയില്‍ വന്നിരുന്നു. അന്നു മുളപൊട്ടിയതാണ് ഇത്തരമൊരു ഭക്ഷണശാലയെക്കുറിച്ചുള്ള ആശയം. ഇന്ന് അത് താരതമ്യമില്ലാത്തൊരു സംരംഭമായി വളര്‍ന്നിരിക്കുന്നു.

വളര്‍ച്ചയെന്നത് വെറുതേ പറഞ്ഞതല്ല. തുടങ്ങിയ വര്‍ഷം 30000 രൂപയായിരുന്നു പ്രതിദിന കച്ചവടം. ഇന്നത് 3 ലക്ഷം രൂപയാണ് പ്രതിദിന കച്ചവടം. ജനപ്രിയം കുറയുകയല്ല നാള്‍ക്കുനാള്‍ കൂടുകയാണ്. വളരെ കര്‍ശനമായ ശുചിത്വ പ്രോട്ടോക്കോളാണ്. ഇക്കാര്യത്തില്‍ ഒരു വിമര്‍ശനത്തിനും ഇടയില്ല.

തിരികെ പോരുമ്പോള്‍ മേയര്‍ അനില്‍കുമാറിനോട് ഞാന്‍ ചോദിച്ചു. മാജിതയുടെ പൊന്നാനിയിലെയും ഗിരിജയുടെ ബാലുശേരിയിലെയും പോലെ സമൃദ്ധിയെ എറണാകുളത്തെ താല്പര്യമുള്ള വീട്ടുകാരുടെ കോമണ്‍ കിച്ചണ്‍ ആക്കിക്കൂടേ?

ജോലിയുള്ള സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്‌നം ഭക്ഷണം തയ്യാറാക്കലാണ്. രാവിലെയും ഉച്ചത്തെയും ഭക്ഷണം തയ്യാറാക്കണം. കുട്ടികളെ സ്‌കൂളില്‍ വിടണം. എന്നിട്ടുവേണം അവര്‍ക്കു ജോലിക്ക് പോകാന്‍. ഭ്രാന്തുപിടിച്ച് പ്രവര്‍ത്തിച്ചാലും മനസ് നിറഞ്ഞ് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള വീട്ടുകാര്‍ക്ക് എന്തുകൊണ്ട് കാലത്തുതന്നെ പ്രവൃത്തി ദിനങ്ങളില്‍ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ചോറ്റുപാത്രങ്ങളിലാക്കി എത്തിച്ചുകൊടുത്തുകൂടാ?

ചായ മാത്രം വീട്ടുകാര്‍ തയ്യാറാക്കിയാല്‍ മതിയല്ലോ. കുട്ടികളെ പഠിപ്പിക്കാനും സ്വന്തം കാര്യങ്ങള്‍ നോക്കാനും ജോലിയെടുക്കുന്ന സ്ത്രീകള്‍ക്ക് സമയം കിട്ടും. ഇതിനായി ഡെലിവറി ജീവനക്കാരുടെ ഒരു ശൃംഖല ഉണ്ടാക്കണം. നിശ്ചയമായും ഡെലിവറി ചാര്‍ജ്ജ് ഉപഭോക്താവ് വഹിക്കേണ്ടിവരും. എന്നാലും വീട്ടില്‍ ഇതേ ഭക്ഷണം പാചകം ചെയ്യുന്നതിനേക്കാള്‍ ചെലവ് കുറവായിരിക്കും. അതിലും പ്രധാനം ജോലിയെടുക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന ആശ്വാസമാണ്.

മേയര്‍ തലകുലുക്കിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്റെ ഏറ്റവും വലിയ ജന്റര്‍ ഇടപെടലുകളില്‍ ഒന്നായിരിക്കും ഈ കോമണ്‍ കിച്ചന്‍. ഇതുപോലൊന്ന് ലോകത്ത് എവിടെയും ഉണ്ടാവില്ല.


Source link

Related Articles

Back to top button