KERALAM

മൂന്നു ലക്ഷം പേരുടെ സൗജന്യ റേഷൻ ‘കട്ട്’,​ നഷ്ടമായത് മസ്റ്ററിംഗ് ചെയ്യാത്തവരുടേത്

കോവളം സതീഷ്‌കുമാർ | Wednesday 12 February, 2025 | 4:25 AM

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിന്നു മുന്നു ലക്ഷത്തോളം പേരെ റേഷൻ വിഹിതം നൽകുന്നതിൽ നിന്നു ഒഴിവാക്കി. ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവരെയാണ് ഒഴിവാക്കിയത്. റേഷൻ കാർഡിൽ പേരുണ്ടെങ്കിലും വിഹിതം ലഭിക്കില്ല.

എല്ലാവരെയും മസ്റ്ററിംഗിന് വിധേയമാക്കാനുള്ള പൊതുവിതരണവകുപ്പിന്റെ ‘ടെക്നിക്കാ’ണ് ഈ നടപടി.

മുൻഗണന കാർഡിൽ പേരുള്ളവരെല്ലാം മസ്റ്ററിംഗിന് വിധേയമാകണം. 2024 മാർച്ച് മുതലാണ് മസ്റ്ററിംഗ് നടപടികൾ സർക്കാർ വേഗത്തിലാക്കിയത്. ഇതിനിടയ്ക്ക് മൂന്നു വട്ടം സമയം നീട്ടി നൽകി. എന്നിട്ടും മസ്റ്ററിംഗ് നടത്താത്തവർക്കുളള മുന്നറിയിപ്പാണിത്. വിദേശത്തുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്നവരുമൊക്കെയാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടിട്ടുള്ളവരിൽ ഏറെയും.

വിവിധ കാരണങ്ങളാൽ റേഷൻ മസ്റ്ററിംഗിന് വിധേയരാകാത്തവർ 9.81,500 പേരുണ്ടെന്നാണ് കണക്ക്. റേഷൻ വ്യാപാരികളുടെ സഹകരണത്തോടെ കിടപ്പുരോഗികളുടെ മസ്റ്ററിംഗും നടത്തി. അതിനുശേഷം ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് മുൻഗണന കാർഡിലുള്ളവരുടെ പേര് എൻ.ആർ.കെ (നോൺ റസിഡൻസ് കേരള) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.

പേര് പോകില്ല

എൻ.ആർ.കെ ഗണത്തിൽ പെടുത്തുന്ന ആളുടെ റേഷൻ വിഹിതം കിട്ടില്ലെങ്കിലും പേര് റേഷൻ കാർഡിൽ തുടരും. പി.എച്ച്.എച്ച് എന്ന മുൻഗണന കാർഡിൽ (പിങ്ക്) ഒരോ അംഗത്തിനും അഞ്ച് കിലോ ധാന്യമാണ് സൗജന്യമായി ലഭിക്കുന്നത്.

മസ്റ്ററിംഗ്?

മുൻഗണനാ കാർഡുകാരാണ് (മഞ്ഞ, പിങ്ക്) മസ്റ്ററിംഗ് ചെയ്യേണ്ടത്. റേഷൻ വാങ്ങാനായി വിരൽ ഇ പോസിൽ വയ്ക്കുമ്പോൾ മസ്റ്ററിംഗ് നടക്കും. അതീവദരിദ്രവിഭാഗത്തിൽപ്പെടുന്ന മഞ്ഞ കാർ‌ഡുകാർക്ക് കാർഡുടമ മാത്രം മസ്റ്ററിംഗ് ചെയ്താൽ മതി. സാധാരണ ദരിദ്രവിഭാഗത്തിൽപ്പെട്ടവർക്കുള്ളതാണ് പിങ്ക് കാർഡ്. ഇതിൽ പേരുള്ള എല്ലാവരും മസ്റ്ററിംഗിന് വിധേയമാകണം. വിരൽ പതിക്കുമ്പോൾ പ്രശ്നം ഉള്ളവർ വിവരം അറിയിച്ചാൽ ഐറിസ് സ്കാനറിലൂടെ മസ്റ്ററിംഗിന് ഉദ്യോഗസ്ഥർ എത്തും. സ്ഥലത്തില്ലാത്തവർക്ക് പ്ലേസ്റ്റോറിൽ നിന്നു ഫേസ്ആപ്പ് ഡൗൺലോഡ് ചെയ്ത് ഉദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണം മസ്റ്ററിംഗ് നടത്താം. കേരളത്തിനു പുറത്തുള്ളവർക്ക് ഫേസ് ആപ്പ് വഴി മസ്റ്ററിംഗ് നടത്താൻ കഴിയുന്ന സംവിധാനവുമുണ്ട്.

”അർഹതപ്പെട്ടവരുടെ റേഷൻ വിഹിതം കുറയ്ക്കുന്ന നിലപാടല്ല സർക്കാരിന്റേത്. മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കേണ്ട സാഹചര്യം ഗുണഭോക്താക്കളെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്””

– ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി

”മാർച്ച് 31 വരെ മസ്റ്ററിംഗ് നടപടികൾ നീട്ടി നൽകിയിരിക്കുന്ന സാഹചര്യത്തിൽ റേഷൻ വിഹിതം വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണം””

– ടി. മുഹമ്മദാലി,ജനറൽ സെക്രട്ടറി

ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ


Source link

Related Articles

Back to top button