ബിരേൻ സിങ് അനുകൂലികൾ അക്രമത്തിനിറങ്ങുമെന്ന് ആശങ്ക; ഇംഫാലിൽ സംഘർഷഭീതി, കൂടുതൽ സേന രംഗത്ത്

ഇംഫാൽ ∙ മണിപ്പുരിൽ ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതോടെ ഇംഫാൽ താഴ്‌വര സംഘർഷഭീതിയിൽ. ആയിരക്കണക്കിനു സൂരക്ഷാസൈനികരെയാണു വിന്യസിച്ചിട്ടുള്ളത്. സമാധാനം തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ചീഫ് സെക്രട്ടറി പി.കെ.സിങ് അഭ്യർഥിച്ചു. 24 മണിക്കൂർ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ടിവി ചർച്ചയിൽ നിരോധിത മെയ്തെയ് ഭീകരസംഘടനയായ യുഎൻഎൽഎഫിനെതിരെ (പാന്പായ് ഗ്രൂപ്പ്) സംസാരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനായ യാംബം ലാബായെ ആണ് ഇന്നലെ രാവിലെ തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസം മുൻപ് ലാബായുടെ ഇംഫാൽ വെസ്റ്റിലെ വീടിനു നേരെ വെടിവയ്പുണ്ടായി. ബിരേൻ സിങ്ങിനെതിരെയുള്ള ഫെയ്സ് ബുക്ക് പോസ്റ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു വെടിവയ്പ്. മണിപ്പുർ മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം കൂടിയാണു ലാബാ. മെയ്തെയ് സായുധസംഘത്തോടു ക്ഷമാപണം നടത്തിയതിനെത്തുടർന്നു വിട്ടയച്ചെന്നാണു റിപ്പോർട്ടുകൾ.ബിരേൻ സിങ് അനുകൂലികളുടെ നേതൃത്വത്തിൽ ഇംഫാലിൽ പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി സമാധാന ആഹ്വാനം നടത്തിയത്. ഇംഫാൽ താഴ്‌വരയിൽ മെയ്തെയ് ഭീകരസംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായി കവർച്ച നടക്കുന്നുണ്ട്. 80,000 ൽ പരം കേന്ദ്ര സേനയെയാണു കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ സംസ്ഥാനത്ത് അധികമായി വിന്യസിച്ചിട്ടുള്ളത്.
Source link