KERALAM

കയർ ബോർഡിലെ ജീവനക്കാരിയുടെ മരണത്തിൽ അന്വേഷണം; പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണം

കൊച്ചി: കയർ ബോർഡിലെ ജീവനക്കാരിയുടെ മരണത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിച്ച് കേന്ദ്ര എം എസ് എം ഇ (മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) മന്ത്രാലയം. ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതിയാണ് രൂപീകരിച്ചത്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് കയർ ബോർഡ് നിർദേശം നൽകിയത്.

കൊച്ചി ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ സെക്ഷൻ ഓഫീസർ വെണ്ണല ചളിക്കവട്ടം പയ്യപ്പള്ളിവീട്ടിൽ ജോളി മധു (56)വാണ് മരിച്ചത്. ക്യാൻസർ അതിജീവിതയായിരുന്നു. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ജനുവരി 31 മുതൽ അമൃത ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.

ബോർഡിലെ മുൻ സെക്രട്ടറി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയും രണ്ടു വിജിലൻസ് കേസുകളിൽ പ്രതിയാക്കുകയും ചെയ്‌തതാണ് ജോളി രോഗിയാകാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്കുൾപ്പെടെ പരാതികൾ നൽകിയെങ്കിലും അനുകൂല നടപടികളുണ്ടായില്ലെന്ന് സഹോദരൻ എബ്രഹാം പറഞ്ഞിരുന്നു.

പദ്ധതികളിലും ഇടപാടുകളിലും അഴിമതിയും ക്രമക്കേടുകളും ജോളി കണ്ടെത്തി ഫയലിൽ രേഖപ്പെടുത്തിയിരുന്നു. ആന്ധ്രപ്രദേശിലേക്ക് സ്ഥലംമാറ്റിയപ്പോൾ ക്യാൻസർ ബാധിച്ചത് കാണിച്ച് കഴിഞ്ഞ ഒക്ടോബറിൽ അവധിക്ക് അപേക്ഷിച്ചെങ്കിലും നിരസിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ബോർഡ് മെഡിക്കൽ അവധി നൽകിയ ശേഷമാണ് അവധി അനുവദിച്ചത്. തുടർന്ന് സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും സെക്രട്ടറി ഉൾപ്പെടെയുള്ളവരോട് മാപ്പു പറഞ്ഞില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ സമ്മർദ്ദമാണ് തലച്ചോറിൽ രക്തസ്രാവത്തിനു കാരണമെന്ന് എബ്രഹാം വ്യക്തമാക്കി.

അടിസ്ഥാനരഹിതം: കയർ ബോർഡ്

ബോർഡിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചെയർമാൻ വിപുൽ ഗോയൽ വാർത്താക്കുറിപ്പിൽ പറഞ്ഞു. 1996ലാണ് എൽ.ഡി ക്ളർക്കായി ജോളി മധു ജോലിയിൽ പ്രവേശിച്ചത്. ആന്ധ്രാപ്രദേശിലെ രാജമുന്ദ്രിയിലേക്ക് സ്ഥലം മാറ്റിയത് ഭരണപരമായ നടപടിയാണ്. ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലംമാറ്റം റദ്ദാക്കുകയും ശമ്പളക്കുടിശിക നൽകുകയും ചെയ്‌തു. ബോർഡിൽ വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Source link

Related Articles

Back to top button