വെട്ടിക്കുറച്ച വൈദ്യുതി പുനഃസ്ഥാപിക്കണം: അദാനി പവറിന് ബംഗ്ലദേശിന്റെ നിർദേശം

ന്യൂഡൽഹി∙ കുടിശിക അടച്ചില്ലെന്ന പേരിൽ വെട്ടിക്കുറച്ച വൈദ്യുതി വിതരണം പൂർവ സ്ഥിതിയിലാക്കാൻ അദാനിയുടെ ഉടമസ്ഥതയിലുള്ള ഊർജ കമ്പനിക്കു ബംഗ്ലദേശ് നിർദേശം നൽകി. ‘‘നിലവിൽ ഞങ്ങൾ പ്രതിമാസം 85 ദശലക്ഷം ഡോളർ അടയ്ക്കുന്നുണ്ട്. കൂടുതൽ പണം നൽകാൻ ശ്രമിക്കുന്നുണ്ട്. കുടിശിക ഇല്ലാതാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’’ – ബംഗ്ലദേശ് പവർ ഡവലപ്‌മെന്റ് ബോർഡ് (ബിപിഡിബി) അറിയിച്ചു.കുടിശികയുടെ പേരിൽ അദാനി പവർ മൂന്നു മാസമായി വൈദ്യുതി വിതരണം പകുതിയായി കുറച്ചിരുന്നു. 900 ദശലക്ഷം ഡോളറാണ് ബംഗ്ലദേശ് അദാനി ഗ്രൂപ്പിനു നൽകാനുള്ളത്. കഴിഞ്ഞ ഒക്ടോബർ 30ന് കുടിശിക തീർക്കാനായിരുന്നു അദാനി ബിപിഡിബിക്കു നൽകിയ നിർദേശം. എന്നാൽ കുടിശിക തീർത്തില്ല.ഇതോടെ ഒക്ടോബർ 31ന് വൈദ്യുതി വിതരണം പകുതിയായി കുറച്ചു. പകുതി വൈദ്യുതി മതി എന്ന് ബംഗ്ലദേശ് സർക്കാരും തീരുമാനിച്ചു. കുടിശിക മാത്രം മാസം 85 ദശലക്ഷം ഡോളർ അദാനിക്കു നൽകുന്നുണ്ട്. ബിപിഡിബിയും അദാനി പവറും തമ്മിൽ വൈദ്യുതി താരിഫ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ടു തർക്കം നിലനിൽക്കുന്നുണ്ട്.ധാക്കയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന എല്ലാ ഇന്ത്യൻ കമ്പനികളുടെയും ശരാശരിയേക്കാൾ 55% കൂടുതലാണ് അദാനിയുടെ വൈദ്യുതി നിരക്കെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. അദാനിയുമായുള്ള കരാർ വിദഗ്ധ സമിതി പരിശോധിക്കാൻ ബംഗ്ലദേശ് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതു കരാർ പുനഃപരിശോധിക്കുന്നതിനു കാരണമായേക്കാം. 2017ൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് അദാനി പവറുമായി (ജാർഖണ്ഡ്) 25 വർഷത്തെ കരാറിൽ ഒപ്പുവച്ചത്.
Source link