വീടില്ലാത്തവർക്ക് ആശ്വാസം : ഡേറ്റാബാങ്ക് സ്ഥലത്ത് വീട് വിലക്കരുത്, അനുമതി നൽകാത്ത ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരും

തിരുവനന്തപുരം: സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾക്ക് ഡേറ്റാബാങ്കിലോ തണ്ണീർത്തട പരിധിയിലോ ഉൾപ്പെട്ട സ്ഥലങ്ങളിൽ വീട് വയ്ക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമയബന്ധിതമായി
അനുമതി നൽകണമെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദേശം.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരും.
ഉദ്യോഗസ്ഥർ തടസം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.പതിനായിരക്കണക്കിന് അപേക്ഷകർക്ക് ആശ്വാസമാവും.
ഡേറ്റാ ബാങ്ക് നിലവിൽ വന്ന 2008 മുതൽ ഈ ഇളവ് പ്രാബല്യത്തിലുണ്ടെങ്കിലും ജനങ്ങൾക്ക് അതിന്റെ പ്രയോജനം കിട്ടുന്നില്ല.
ഗ്രാമപഞ്ചായത്തിൽ 10 സെന്റിനും നഗരത്തിൽ 5 സെന്റിനുമാണ് ഇളവ് നൽകുന്നത്. തണ്ണീർത്തട നിയമത്തിൽ 2018ൽ വരുത്തിയ ഭേദഗതി പ്രകാരം ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത നിലത്തിന്റെ വിസ്തീർണ്ണം 10 സെന്റിനുള്ളിലാണെങ്കിൽ 120ച.മീ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല. ഇത്തരം അപേക്ഷകളിൽ വീട് നിർമ്മാണത്തിനുള്ള പെർമിറ്റ് അനുവദിക്കുന്നതിന് ഭൂമി ബി.ടി.ആറിൽ (അടിസ്ഥാന ഭൂമി നികുതി രജിസ്റ്റർ) നിലം എന്ന് രേഖപ്പെടുത്തിയതും തടസമല്ല. ഫോം ഒന്നിലാണ് ഇതിന് അപേക്ഷ നൽകേണ്ടത്.
അഞ്ചു സെന്റ് വരെയുള്ള ഭൂമിയിൽ 40ച.മീ വരെ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും തരംമാറ്റം വേണ്ട. കെട്ടിടനിർമ്മാണ അപേക്ഷയോടൊപ്പം നിർദ്ദിഷ്ട ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതല്ലെന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ സമർപ്പിച്ചാൽ മതി. അപേക്ഷകരെ ഇക്കാര്യങ്ങൾ ധരിപ്പിക്കാൻ കൃഷി, തദ്ദേശ, റവന്യൂ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇക്കാരണത്താൽ ഈ ആനുകൂല്യം പലപ്പോഴും ജനങ്ങൾക്ക് ലഭിക്കുന്നില്ല. ഇത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
#സ്വന്തം ജില്ലയിൽ
സ്ഥലമുണ്ടാവരുത്
നെൽവയൽ തണ്ണീർത്തട നിയമം നിലവിൽ വന്ന 2008ൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നതും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതുമായ നെൽവയലിന്റെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ വീട് വയ്ക്കാൻ പറ്റിയ സ്ഥലം സ്വന്തം ജില്ലയിൽ ഇല്ലാത്തപക്ഷം ഗ്രാമപഞ്ചായത്തിൽ 10 സെന്റും നഗരപ്രദേശങ്ങളിൽ 5 സെന്റും നിലം വീട് വയ്ക്കാനും അനുമതി ലഭിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അനുമതി നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
`അപേക്ഷകരെ ഓരോ കാരണം പറഞ്ഞ് തിരിച്ചയയ്ക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്വമെന്ന് ഉദ്യോഗസ്ഥർ കരുതരുത്.’
-പിണറായി വിജയൻ,
മുഖ്യമന്ത്രി
Source link