BUSINESS

മലക്കംമറിഞ്ഞ് സ്വർണം; ഇന്നു രാവിലെ കൂടിയ വില രണ്ടു മണിക്കൂറിനകം ഇടിഞ്ഞു, കൈവിടാതെ നാഴികക്കല്ല്


ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തി ഇന്നു രാവിലെ പുത്തൻ നാഴികക്കല്ലിലേക്ക് കുതിച്ചുകയറിയ സ്വർണവില (Kerala Gold Price), രണ്ടുമണിക്കൂർ പിന്നിട്ടപ്പോഴേക്കും നാടകീയമായി മലക്കംമറിഞ്ഞു. കേരളത്തിൽ രാവിലെ 9.24ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) പുറത്തുവിട്ട കണക്കുപ്രകാരം സ്വർണവില ഗ്രാമിന് 80 രൂപ ഉയർന്ന് 8,060 രൂപയും പവന് 640 രൂപ വർധിച്ച് 64,480 രൂപയുമായിരുന്നു. രണ്ടും സർവകാല റെക്കോർഡ്. മാത്രമല്ല, ഗ്രാം 8,000 രൂപയും പവൻ 64,000 രൂപയും കടന്നതും ആദ്യം. എന്നാൽ, സമയം 11.27 ആയപ്പോഴേക്കും വില ഇടിഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് വില 8,010 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 64,080 രൂപയിലുമെത്തി. രാജ്യാന്തര സ്വർണവില (ലണ്ടൻ മാർക്കറ്റ്) സർവകാല റെക്കോർഡിൽ നിന്ന് താഴ്ന്നിറങ്ങിയതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് മികച്ചതോതിൽ കരകയറിയതും നേട്ടമായി. ഔൺസിന് 2,941 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില 2,928 ഡോളറിലേക്കാണ് കുറഞ്ഞത്. ഇന്നലെ ഡോളറിനെതിരെ കുത്തനെ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ചയായ 87.96 വരെ എത്തിയ രൂപ, ഇന്ന് 86.84ലേക്ക് മെച്ചപ്പെട്ടതും സ്വർണവില കുറയാൻ ഇടവരുത്തി. 


Source link

Related Articles

Back to top button